പി. ജോസഫിന്റെയും മോളി ജോസഫിന്റെയും മകനായി കോട്ടയത്ത് ജനിച്ചു. കോട്ടയം എസ്.എച്ച്. മൗണ്ട് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആന്റോ ജോസഫ്, കോട്ടയം ഗവൺമെന്റ് കോളേജിൽ പഠിക്കുന്ന കാലത്ത് കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (KSU) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
1996 -ൽ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായിട്ടാണ് ആന്റോ ജോസഫ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി പ്രവർത്തിച്ചു. 2000 -ത്തിൽ ഇൻഡ്യാഗേറ്റ് എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ കൺട്രോളറായി. തുടർന്ന് സ്വപ്നക്കൂട്, മായാവി, അനന്തഭദ്രം, ചന്ദ്രോത്സവം.. എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ നിർമ്മാണ നിർവ്വഹണ രംഗത്ത് അദ്ദേഹം പ്രവർത്തിച്ചു. 2007 -ൽ അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായിക്കൊണ്ട് ആന്റോ ജോസഫ് സിനിമാനിർമ്മാണ രംഗത്ത് തുടക്കം കുറിച്ചു. 2008 -ൽ നിർമ്മിച്ച അണ്ണൻ തമ്പി അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറി. പിന്നീട് "ആന്റോ ജോസഫ് ഫിലിം കമ്പനി" എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിച്ച അദ്ദേഹം മുപ്പതിലധികം സിനിമകൾ നിർമ്മിച്ചു.
2014 -ൽ ശശികുമാർ നായകനായ Bramman എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാനിർമ്മാണ രംഗത്തും ആന്റോ ജോസഫ് സാന്നിധ്യമറിയിച്ചു. ദുൽഖർ സൽമാൻ നായകനായ kannum kannum kollaiyadithaal എന്ന തമിഴ് ചിത്രവും വയാകോം 18 സ്റ്റുഡിയോസുമായി സഹകരിച്ച് അദ്ദേഹം നിർമ്മിച്ചതാണ്. ആന്റോ ജോസഫ് നിർമ്മിച്ച് 2017 -ൽ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രം രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ വലിയ രീതിയിലുള്ള നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടുകയുണ്ടായി. 2009 -ൽ അദ്ദേഹത്തിന്റെ ഭാര്യ നീത പിന്റോ, പ്രിയ വേണുവുമായി ചേർന്ന് "ആൻ മെഗാ മീഡിയ" എന്ന പേരിൽ മറ്റൊരു നിർമ്മാണ-വിതരണ കമ്പനി ആരംഭിച്ചു. മാളികപ്പുറം ഉൾപ്പെടെ അഞ്ചിലധികം സിനിമകൾ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സാംസ്കാരിക-സംഘടനാ രംഗങ്ങളിലും സജീവമായ ആന്റോ ജോസഫ് നിലവിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും, കെപിസിസി സാംസ്കാരിക സാഹിതിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു.
നീത പിന്റോയാണ് ഭാര്യ. ആൻഡ്രിയ നീത ആന്റോ, അവറാച്ചൻ നീത ആന്റോ എന്നിവരാണ് മക്കൾ.