ജയസൂര്യ

Jayasurya
Date of Birth:
Thursday, 31 August, 1978
ആലപിച്ച ഗാനങ്ങൾ: 8

മലയാള ചലച്ചിത്ര നടൻ. 1978 ഓഗസ്റ്റിൽ ഏറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. അച്ഛൻ മണി, അമ്മ തങ്കം. ചമ്പക്കര സെന്റ് ജോർജ്ജ് ഗവണ്മെന്റ് യു പി സ്കൂൾ, തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ജയസൂര്യയുടെ പ്രാഥമിക വിദ്യാഭ്യാസം. All Saints College-ൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. പഠിയ്ക്കുന്ന കാലത്തുതന്നെ മിമിക്രിയിൽ തത്പരനായിരുന്നു ജയസൂര്യ. വിദ്യാഭ്യാസത്തിനുശേഷം കോട്ടയം നസീറിന്റെ കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. കൂടാതെ ക്രൗൺ ഓഫ് കൊച്ചിൻ എന്ന മിമിക്രി ട്രൂപ്പിലും പ്രവർത്തിച്ചു. കൊച്ചിൻ ACV-യിൽ ഫൺഡേ ജാക്പോട്ട് എന്ന പ്രോഗ്രാമിലും കൈരളി ചാനലിൽ ജഗതി ജഗതിമയം എന്ന പ്രോഗ്രാമിലും അവതാരകനായിരുന്നു ജയസൂര്യ. ആ സമയത്ത് തന്നെ നിരവധി സീരിയലുകളിൽ വിവിധ അഭിനേതാക്കൾക്ക് വേണ്ടി ജയസൂര്യ ശബ്ദം കൊടുത്തിരുന്നു. അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ചെറിയ ഒരു വേഷം ചെയ്തു.

2002-ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ നായകനായിക്കൊണ്ടായിരുന്നു പിന്നീട് ജയസൂര്യ അഭിനയിച്ചത്. ഊമയായുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു..തുടങ്ങിയ സിനിമകളിലൂടെ ജയസൂര്യ മുൻനിര നായകനായി ഉയർന്നു. കൂടുതലും കോമഡിയ്ക്ക് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. 2010-ൽ ഇറങ്ങിയ കോക്ടൈൽ എന്ന സിനിമയിലെ ജയസൂര്യയുടെ വേഷം നിരൂപക പ്രശംസ നേടി. 2011-ൽ ടി വി ചന്ദ്രന്റെ ശങ്കരനും മോഹനനും എന്ന സിനിമയിൽ ജയസൂര്യ ഇരുപത് ഗെറ്റപ്പുകളിൽ അഭിനയിച്ചു. ആ വർഷം തന്നെ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ ശരീരം തളർന്നു കിടപ്പിലായ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പ്രേക്ഷകരുടെയും,നിരൂപകരുടെയും പ്രശംസ നേടിയ അഭിനയമായിരുന്നു ജയസൂര്യയുടേത്. തുടർന്ന് ട്രിവാൻഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടൽ കാലിഫോർണ്ണിയ, അപ്പോത്തിക്കരി.. തുടങ്ങിയ സിനിമകളിൽ വ്യത്യസ്തവേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2014-ൽ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിൽ അംഗൂർ റാവുത്തർ എന്ന വില്ലൻ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ജയസൂര്യ തന്റെ അഭിനയ മികവ് ഒരിയ്ക്കൽ കൂടി തെളിയിച്ചു. ജയസൂര്യ ഒരു ഗായകൻ കൂടിയാണ്. ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ അദ്ദേഹം പാട്ടുകൾ പാടി. പുണ്യാളൻ അഗർബത്തീസിലെ ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി.. അമർ അക്ബർ അന്തോണി-യിലെ പ്രേമമെന്നാൽ എന്താണു പെണ്ണേ.. എന്നീ ഗാനങ്ങൾ ജനപ്രീതി നേടി.

ജയസൂര്യ 2013-ൽ സിനിമാ നിർമ്മാണത്തിലേയ്ക്ക് പ്രവേശിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ തന്നെ നായകനായി അഭിനയച്ച പുണ്യാളൻ അഗർബത്തീസ് ആയിരുന്നു ആദ്യ നിർമ്മാണ സംരംഭം. പുണ്യാളൻ വലിയ വിജയം നേടിയതിനെ തുടർന്ന് അഞ്ച് സിനിമകൾ കൂടി നിർമ്മിച്ചു. 2018-ൽ ജയസൂര്യ നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ട്രാൻസ് ജെന്ററിന്റെ കഥപറയുന്ന ഞാൻ മേരിക്കുട്ടി എന്ന ചിതത്തിൽ ട്രാൻസ്ജന്ററായി മികച്ച അഭിനയം കാഴ്ച്ചവെച്ചു. 2018-ൽ തന്നെ ഫുട്ബോൾ താരം സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റൻ സത്യൻ എന്ന സിനിമയിൽ ജയസൂര്യ സത്യനായി അഭിനയിച്ചു. 2018-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ സത്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസുര്യക്ക് ലഭിച്ചു.

ജയസൂര്യയുടെ വിവാഹം 2004 ജനുവരിയിലായിരുന്നു. ഭാര്യയുടെ പേര് സരിത. അവർക്ക് രണ്ടുമക്കളാണുള്ളത്. മകൻ അദ്വൈത്, മകൾ വേദ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദോസ്ത് തുളസീദാസ് 2001
അപരന്മാർ നഗരത്തിൽ നിസ്സാർ 2001
പ്രണയമണിത്തൂവൽ തുളസീദാസ് 2002
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ ബേബി ഉമ്മൻ വിനയൻ 2002
കാട്ടുചെമ്പകം ചന്ദ്രു വിനയൻ 2002
കേരളാഹൗസ് ഉടൻ വില്പനയ്ക്ക് ദിനേശൻ കൊണ്ടോടി താഹ 2003
പുലിവാൽ കല്യാണം ഹരികൃഷ്ണൻ ഷാഫി 2003
സ്വപ്നക്കൂട് അഷ്ടമൂർത്തി കമൽ 2003
ടൂ വീലർ 2004
ഇമ്മിണി നല്ലൊരാൾ ജീവൻ രാജസേനൻ 2004
വെള്ളിനക്ഷത്രം വിനയൻ 2004
ഗ്രീറ്റിംഗ്‌സ് ഗോപൻ നായർ ഷാജൂൺ കാര്യാൽ 2004
ചതിക്കാത്ത ചന്തു ചന്തു റാഫി - മെക്കാർട്ടിൻ 2004
ബസ് കണ്ടക്ടർ നജീബ് വി എം വിനു 2005
ക്ലാസ്‌മേറ്റ്സ് സതീശൻ കഞ്ഞിക്കുഴി ലാൽ ജോസ് 2006
കിലുക്കം കിലുകിലുക്കം ബാലു സന്ധ്യാ മോഹൻ 2006
സ്മാർട്ട് സിറ്റി വരുൺ നമ്പ്യാർ ബി ഉണ്ണികൃഷ്ണൻ 2006
ചങ്ങാതിപ്പൂച്ച ശിവൻ എസ് പി മഹേഷ് 2007
ചോക്ലേറ്റ് രഞ്ജിത് ഷാഫി 2007
കിച്ചാമണി എം ബി എ സാജൻ സമദ് മങ്കട 2007

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബിൽസില 3 കിങ്ങ്സ് ഷിബു ചക്രവർത്തി ഔസേപ്പച്ചൻ 2011
ആശിച്ചവനാകാശത്ത്ന്നൊരാനേ കിട്ട്യേ പുണ്യാളൻ അഗർബത്തീസ് സന്തോഷ് വർമ്മ ബിജിബാൽ 2013
മൈയ്യാ മോരേ മൈയ്യാ മോരേ ഹാപ്പി ജേർണി സന്തോഷ് വർമ്മ ഗോപി സുന്ദർ 2014
ചിങ്കാരിയാട് പഞ്ചാരയാട് ആട് മനു മൻജിത്ത് ഷാൻ റഹ്മാൻ 2015
പ്രേമമെന്നാൽ എന്താണ് പെണ്ണേ അമർ അക്ബർ അന്തോണി നാദിർഷാ നാദിർഷാ 2015
കുരുത്തക്കേടിന്റെ കൂടാണേ പാവാട ബി കെ ഹരിനാരായണൻ എബി ടോം സിറിയക് 2016
ചിത്തിര മുത്തേ ഷാജഹാനും പരീക്കുട്ടിയും ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2016
കപ്പലണ്ടി ഇളയരാജ സന്തോഷ് വർമ്മ രതീഷ് വേഗ 2019

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ വിനയൻ 2002