ഉഷാ ഉതുപ്പ്

Usha Uthup
Date of Birth:
Saturday, 8 November, 1947
Deedi
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 14

ബോംബെയിൽ പോലീസ് കമ്മീഷണർ ആയിരുന്ന ചെന്നൈ സ്വദേശി വൈദ്യനാഥ സോമേശ്വര സ്വാമിയുടെ മകളായി ഉഷാ വൈദ്യനാഥ സോമേശ്വര സ്വാമി എന്ന ഉഷാ ഉതുപ്പ് 1947 നവംബർ 8 ആം തിയതി മുംബൈയിൽ ജനിച്ചു.

ആറ് മക്കളിൽ അഞ്ചാമതായി ജനിച്ച ഉഷക്ക് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമാണുള്ളത്. സഹോദരിമാർ ഉമ പോച്ച/ഇന്ദിര ശ്രീനിവാസൻ/മായ സാമി എന്നിവർ ഗായികമാരാണ്.

ഒൻപതാം വയസ്സുമുതൽ പൊതുവേദികളിൽ പാടി തുടങ്ങിയ ഇവർക്ക് സംഗീതഞ്ജനായ അമീൻ സയാനി റേഡിയോയിൽ പാടാൻ അവസരം ഒരുക്കി. പിന്നീട് ഇവർ മൌണ്ട് റോഡിലെ നയൺ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി.

തുടർന്ന് കൊൽക്കത്തയിലെ നിശാക്ലബ്ബിൽ പാട്ടുകാരിയായി. അവിടെ വെച്ച് മലയാളിയായ ജനി ചാക്കോ ഉതുപ്പിനെ വിവാഹം കഴിച്ചു. പിന്നെ ഡൽഹിയിലെ ഒബ്രോയി ഹോട്ടലിൽ ഗായികയായ അവർ 1968 ൽ ഇംഗ്ലീഷ് സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഈ ആൽബങ്ങൾക്ക് നല്ല ജനസമ്മതിയാണ് ലഭിച്ചത്.

അങ്ങിനെയിരിക്കെയാണ് ദേവാനന്ദും ശശി കപൂറുമൊക്കെയുള്ള ചലച്ചിത്ര സംഘം ഒബ്രോയി ഹോട്ടലിൽ വെച്ച് ഇവരുടെ പാട്ട് കേൾക്കുന്നത്. ഈ ഗാനാലാപനം ഇഷ്ടപ്പെട്ട ഇവർ അവർക്ക് ആ സിനിമയിൽ പാടാൻ അവസരം കൊടുത്തു.

അങ്ങനെ അവർ തന്റെ ചലച്ചിത്ര സംഗീതയാത്ര ദേവാനന്ദ് 1971 ൽ സംവിധാനം ചെയ്ത ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലൂടെ തുടങ്ങി.

1972 ലെ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ/ ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഇവർ സംഗീതസംവിധായകരായ ആ.ഡി. ബർമൻ/ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ധാരാളം ഗാനങ്ങൾ ആലപിച്ചു.

ബംഗാളി/ഹിന്ദി/ഇംഗ്ലിഷ്/ പഞ്ചാബി/അസ്സമീസ്/ഒറിയ/ഗുജറാത്തി/ മറാത്തി/കൊങ്ങണി/മലയാളം/കന്നട/ തമിഴ്/തുളു/തെലുങ്ക് തുടങ്ങി 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഇവർ ഡച്ച്/ഫഞ്ച്/ജർമ്മൻ/ഇറ്റാലിയൻ/ സിംഹളീസ്/സ്വഹിലി/റഷ്യൻ/ നേപ്പാളീസ്/അറബിക്/ക്രേയോൾ/ സുളു/സ്പാനീഷ് എന്നീ വിദേശ ഭാഷകളിലുമായി ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്.

കലാരംഗത്തെ മികച്ച സംഭാവനകൾക്കായി 2024 ൽ രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം അവരെ ആദരിച്ചു. ഇതിനു മുൻപ് 2011 ൽ പത്മശ്രീ പുരസ്‌കാരവും അവർക്ക് ലഭിച്ചിട്ടുണ്ട്.

​സിനിമാ ലോകത്തുനിന്ന് 2012 ൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് അവർക്ക് ലഭിച്ചു. '7 ഖൂൻ മാഫ്' എന്ന ചിത്രത്തിലെ വിഖ്യാതമായ "ഡാർലിംഗ്" (Darling) എന്ന ഗാനത്തിനായിരുന്നു ഈ അംഗീകാരം. തുടർന്ന് 2023 ലെ സൗത്ത് ഫിലിംഫെയർ അവാർഡ്‌സിൽ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അവർക്ക് സമ്മാനിക്കപ്പെട്ടു.

​ഇവ കൂടാതെ 'മഹച്ചന്ദ്' എന്ന ചിത്രത്തിലെ ഗാനത്തിന് പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും, 2017 ൽ മിർച്ചി മ്യൂസിക് അവാർഡിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അവർ നേടിയിട്ടുണ്ട്.

തനതായ വസ്ത്രധാരണ രീതി കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ഇന്ത്യൻ സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ അവർക്ക് ചെറുതും വലുതുമായ നിരവധി മറ്റ് ആദരങ്ങളും ലഭിച്ചിട്ടുണ്ട്.

2006 ൽ ഇറങ്ങിയ പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലും അഭിനയിച്ചിട്ടുള്ള ഇവർ ഇപ്പോൾ മക്കളുമൊത്ത് കൊൽക്കത്തയിലാണ് താമസം. ഭർത്താവ് ജനി ചാക്കോ ഉതുപ്പ് 2024 ജൂലായ് 8 ആം തിയതി ഹൃദയാഘാതം മൂലം മരണമടഞ്ഞു. സണ്ണി/അഞ്ജലി എന്നിവരാണ് മക്കൾ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പോത്തൻ വാവ കുരിശുവീട്ടിൽ മറിയാമ്മ ജോഷി 2006

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ലവ് വാസ് ജസ്റ്റ് എറൌണ്ട് ചട്ടക്കാരി ഉഷാ ഉതുപ്പ് ഉഷാ ഉതുപ്പ് 1974
അയാം ഇൻ ലവ് കന്യാകുമാരി എം ബി ശ്രീനിവാസൻ എം ബി ശ്രീനിവാസൻ 1974
പീതാംബര ഓ കൃഷ്ണാ ശിവതാണ്ഡവം എം ബി ശ്രീനിവാസൻ എം ബി ശ്രീനിവാസൻ 1977
ഓ മൈ ഡാർലിംഗ് ഒരു സുമംഗലിയുടെ കഥ ഉഷാ ഉതുപ്പ് ഉഷാ ഉതുപ്പ് 1984
ചലോ ചലോ ജയ് ചലോ ജനം ബിച്ചു തിരുമല എസ് പി വെങ്കടേഷ് 1993
ഞാൻ ഈ രാത്രിയെ സ്നേഹിക്കുന്നു ദൈവത്തിന്റെ വികൃതികൾ ഒ എൻ വി കുറുപ്പ് മോഹൻ സിത്താര 1994
നന്ദ്യാർ വിളക്കും ദൈവത്തിന്റെ വികൃതികൾ ഒ എൻ വി കുറുപ്പ്, ഉഷാ ഉതുപ്പ് എൽ വൈദ്യനാഥൻ 1994
ജിഞ്ചിക് ചിക്ച കളമശ്ശേരിയിൽ കല്യാണയോഗം ചിറ്റൂർ ഗോപി ടോമിൻ ജെ തച്ചങ്കരി 1995
എല്ലാരും ചൊല്ലണു [റി മിക്സ്‌] ഏഴുനിലപ്പന്തൽ പി ഭാസ്ക്കരൻ നിസരി ഉമ്മർ 1997
വാവേ മകനേ (D) പോത്തൻ വാവ വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2006
റാഹേൽസ് തീം ഇയ്യോബിന്റെ പുസ്തകം വിനായക് ശശികുമാർ നേഹ എസ് നായർ, യക്സാൻ ഗാരി പരേര 2014
ലൂസിഫർ തീം - എമ്പുരാനേ ലൂസിഫർ മുരളി ഗോപി ദീപക് ദേവ് 2019
ലൂസിഫർ ആൻതം ലൂസിഫർ മുരളി ഗോപി ദീപക് ദേവ് 2019
അസ്റയേൽ L2 എമ്പുരാൻ മുരളി ഗോപി ദീപക് ദേവ് 2025