പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ സവിൻ സാ വീടിനടുത്ത് താമസിച്ചിരുന്ന സാം തോമസ് എന്ന സിനിമ പ്രവർത്തകനുമായുള്ള അടുപ്പത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമാ രംഗത്ത് അസോസിയേറ്റ് ഡയറക്ടറായിരുന്ന സാം തോമസാണ് സവിൻറെ ചെറിയ പ്രായത്തിൽ തന്നെ ഫിലിം ഫെസ്റ്റിവലുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും, സിനിമകൾ റഫർ ചെയ്യുന്നതും, സിനിമ സംബന്ധിയായ പുസ്തകങ്ങൾ നൽകുന്നതുമൊക്കെ. സാം തോമസ് ഓട്ടം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായപ്പോൾ സവിനും സംവിധാന സഹായിയായി കൂടെ കൂടി. സീരിയൽ, ഷോർട്ട് ഫിലിം, ആൽബം തുടങ്ങിയ മേഖലകളിലും കുറച്ച് നാൾ പ്രവർത്തിച്ചു.
തുടർന്ന് രാജേഷ് അടൂർ, അനീഷ് സുകുമാർ തുടങ്ങിയ അസോസിയേറ്റ് സംവിധായകരുടെ കൂടെ നിരവധി സിനിമകളിൽ സംവിധാന സഹായിയായി ജോലി ചെയ്തു. ഇവരിലൂടെ തന്നെയാണ് സംവിധായകൻ വിപിൻ ദാസിലേക്ക് എത്തുന്നതും. ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ, വാഴ എന്നീ സിനിമകളിൽ വിപിൻ ദാസിൻ്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
വാഴ ഷൂട്ടിങ് സമയത്താണ് വാഴ 2 സംവിധാനം ചെയ്യാനുള്ള ഓഫർ വിപിൻ ദാസ് മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെ പത്ത് വർഷത്തോളം നീണ്ട സിനിമാ അനുഭവത്തിൻ്റെ അവസാനം വാഴ 2-ലൂടെ സ്വതന്ത്ര സംവിധായകനായി മാറി സവിൻ സാ.