പ്രസീത

Praseetha

പുരുഷന്മാൻ സജീവമായിരുന്ന മിമിക്രി വേദികളിലേക്ക്, നടന്മാരെ അനുകരിച്ചു കൊണ്ട് കടന്നു വന്ന ആദ്യത്തെ കലാകാരിയെന്ന പദവി ഒരുപക്ഷേ പ്രസീതയ്ക്കു സ്വന്തമായിരിക്കും. ക്രിമിനൽ വക്കീലായിരുന്ന അഡ്വ: കെ എസ് ഗോപാലകൃഷ്ണന്റെ നാല് മക്കളിൽ ഇളയ മകളായി ജനനം. ആകസ്മികമായി ഒരു ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നു. ബന്ധു കൂടിയായ നടി കാർത്തികയ്ക്കൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോയത് മാത്രമായിരുന്നു പ്രസീതയ്ക്ക് സിനിമയുമായുള്ള ബന്ധം. വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛനൊപ്പം അവധിക്കാലത്ത് കേരളത്തിലെത്തിയ അവസരത്തിലായിരുന്നു മൂന്നാംമുറ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം. സെവൻ ആർട്ട്സ് എന്ന നിർമ്മാണ കമ്പനിയുമായി പ്രസീതയുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ് അവരെ സിനിമയിലെത്തിച്ചത്. പിന്നീട് വിദേശ വാസം മതിയാക്കി നാട്ടിൽ താമസമാക്കിയപ്പോൾ, പഠനത്തിനൊപ്പം അഭിനയവും തുടർന്നു. അഭിനയത്തിനും അനുകരണത്തിനും പ്രസീതയ്ക്ക് ഒരു ഗുരുവുണ്ടായിരുന്നില്ല. വൈശാലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ മിമിക്രി ചെയ്തതായിരുന്നു അവരുടെ ആദ്യത്തെ സ്റ്റേജ് പെർഫോർമൻസ്. അന്ന് പ്രേം നസീറിനെ അനുകരിച്ച് ഏവരുടെയും കയ്യടി നേടിയ അവർ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ് എന്നിവരെയാണ് പ്രധാനമായും അനുകരിച്ചിരുന്നത്. കലൂർ സെവൻത് ഡേ സ്കൂളിൽ പത്താം തരം വരെ പഠിച്ച പ്രസീത, പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ്‌ തെരേസാസിൽ നിന്നും പൂർത്തിയാക്കി. ആ കാലത്ത് പല ട്രൂപ്പുകളിൽ നിന്നും ക്ഷണം ലഭിച്ചുവെങ്കിലും പഠനത്തെ ബാധിക്കുമെന്നതിനാൽ പോയില്ല. പ്രീഡിഗ്രി കാലത്ത് അനുകരണ കലാരംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തിലാണ് സിനിമാലയുടെ ഭാഗമായി അവർ മാറിയത്. ദൂരദർശനിലെ മോഹപ്പക്ഷികൾ എന്ന സീരിയലിലും അവർ അഭിനയിച്ചു. പിന്നീട് ബാംഗ്ലൂരിൽ നിയമ പഠനത്തിനു ചേർന്നു. അനുകരണം പലപ്പോഴും ഡബ്ബിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതും, അഭിനയത്തെ ഗൗരവത്തോടെ സമീപിച്ച് തുടങ്ങിയതും മിമിക്രിയിൽ നിന്നും പതിയെ അകലുവാൻ കാരണമായി. പഠനത്തിനു ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായിരുന്ന അഭിലാഷിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറുകയും ഡൽഹിയിൽ താമസമാക്കുകയും ചെയ്തു. ഒരു മകൻ, അർണവ്. ഭർത്താവുമായി പിന്നീട് വേർപിരിഞ്ഞു. 2005 മുതൽ കേരള ഹൈക്കോടതിയിലെ കോർപ്പറേറ്റ് അഫയേഴ്സ് കൈകാര്യം ചെയ്യുന്ന വക്കീലായി ജോലി ചെയ്യുന്നു. അതിനിടയിൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉത്സവപിറ്റേന്ന് നന്ദിനി ഭരത് ഗോപി 1988
മൂന്നാംമുറ കെ മധു 1988
പ്രാദേശികവാർത്തകൾ കമൽ 1989
വരവേല്‍പ്പ് സത്യൻ അന്തിക്കാട് 1989
മാലയോഗം മേഴ്സി കുട്ടി സിബി മലയിൽ 1990
കാട്ടുകുതിര സൈനു പി ജി വിശ്വംഭരൻ 1990
പാവം പാവം രാജകുമാരൻ കമൽ 1990
സാന്ദ്രം സോഫി അശോകൻ, താഹ 1990
ശുഭയാത്ര വിഷ്ണുവിന്റെ അനിയത്തി കമൽ 1990
ആകാശക്കോട്ടയിലെ സുൽത്താൻ ജയരാജ് 1991
സൗഹൃദം ഷാജി കൈലാസ് 1991
കുടുംബസമേതം ജയരാജ് 1992
ചമ്പക്കുളം തച്ചൻ കമൽ 1992
തലസ്ഥാനം ഷാജി കൈലാസ് 1992
കാസർ‌കോട് കാദർഭായ് പ്രസീത തുളസീദാസ് 1992
പുതുക്കോട്ടയിലെ പുതുമണവാളൻ സുമതി റാഫി - മെക്കാർട്ടിൻ 1995
തച്ചോളി വർഗ്ഗീസ് ചേകവർ ടി കെ രാജീവ് കുമാർ 1995
മഴയെത്തും മുൻ‌പേ കുഞ്ഞുമോൾ കമൽ 1995
ആറ്റുവേല എൻ ബി രഘുനാഥ് 1997
ഇഷ്ടദാനം ഗൗരി രമേഷ് കുമാർ 1997

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഹലോ റാഫി - മെക്കാർട്ടിൻ 2007

ശബ്ദം കൊടുത്ത ചിത്രങ്ങൾ

Submitted 15 years 7 months ago by Jayakrishnantu.