പി സി ജോർജ്ജ്
പി സി ജോർജ് - സിനിമാക്കാർക്കിടയിലെ കാക്കിയണിഞ്ഞ കലാകാരൻ. 68 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും പി സി ജോർജ് ആകൃഷ്ടനായി. സ്കൂൾ വേദികളിൽ അനുകരണ കലയിലും നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും ആ രംഗത്ത് മുന്നേറുവാൻ അദ്ദേഹത്തെ സഹായിച്ചു. കലയ്ക്ക് പുറമേ കായിക രംഗത്തും അദ്ദേഹം മികവ് തെളിയിച്ചു. കോളേജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങൾ അദ്ദേഹം വാരിക്കൂട്ടി. ചെറുപ്പ കാലം മുതലെയുള്ള തന്റെ ആഗ്രഹം സഫലീകരിക്കാനായി പഠനത്തിനു ശേഷം അദ്ദേഹം പോലീസിൽ ഓഫീസറായി ചേർന്നു. ആ കാലം മുതൽക്കു തന്നെ വയലാർ രാമവർമ്മ, കെ ജി സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടയിൽ ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമുണ്ടായപ്പോൾ സുബ്രഹ്മണ്യൻ മുതലാളിയെ പോയി കാണുകയും, സ്റ്റുഡിയോ ചുറ്റി കാണുന്നതിനിടയിൽ അദ്ദേഹം ജോർജിനോട് ഒരു വേഷം ചെയ്യാമോ എന്ന് ചോദിക്കയും ചെയ്തു. ജോലി ഒരു പ്രശ്നമല്ല എന്നും റോൾ തന്നാൽ അഭിനയിക്കാമെന്നും ജോർജ് മുതലാളിക്ക് മറുപടി നൽകി. ജോർജിന്റെ ബാച്ചിൽ എസ് ഐ ആയി ജോലി നോക്കിയിരുന്ന നടൻ അസീസ് സിനിമയിൽ അഭിനയിക്കാനായി പോലീസ് വകുപ്പിൽ നിന്നും അനുവാദം വാങ്ങിയത് അദ്ദേഹത്തിനു പ്രചോദനമായി. ജോർജിന്റെ അപേക്ഷയും വകുപ്പ് സ്വീകരിച്ചു. ആ അവസരത്തിൽ അദ്ദേഹം സുബ്രഹ്മണ്യൻ മുതലാളിയെ റോളിനായി സമീപിക്കുകയും അംബ അംബിക അംബാലിക എന്ന ചിത്രത്തിൽ മുതലാളി ജോർജിന് വേഷം നൽകുകയും ചെയ്തു. ചെറുതെങ്കിലും ആ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതൽ അവസരങ്ങൾ വന്നു.രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യൻ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകൾ, ശ്രീമുരുകൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സുബ്രഹ്മണ്യൻ മുതലാളി അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ഒരു വേഷം ജോർജിനായി കരുതി വച്ചിരുന്നു.
പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും മാറി നല്ല കഥാപത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടർ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി. ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. കെ ജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം ജോർജ് പ്രവർത്തിച്ചു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായും അദ്ദേഹമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും, ഇടക്ക് പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോൾ അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളിൽ അദ്ദേഹത്തിനു അഭിനയിക്കാൻ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം പിന്നീട് കലാരംഗത്ത് സജീവമല്ലാതായ അദ്ദേഹം 2021 മെയ് 14 ന് അന്തരിച്ചു.
ഭാര്യ: കൊച്ചു മേരി മക്കൾ: കനകാംബളി, കാഞ്ചന, സാബൻറിജോ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അംബ അംബിക അംബാലിക | പി സുബ്രഹ്മണ്യം | 1976 | |
| വിടരുന്ന മൊട്ടുകൾ | പി സുബ്രഹ്മണ്യം | 1977 | |
| ദ്വീപ് | ഡോക്ടർ | രാമു കാര്യാട്ട് | 1977 |
| ശ്രീ മുരുകൻ | പി സുബ്രഹ്മണ്യം | 1977 | |
| ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 | |
| പാഞ്ചജന്യം | ഇൻസ്പെക്ടർ രാജൻ | കെ ജി രാജശേഖരൻ | 1982 |
| ഇരകൾ | കോശി | കെ ജി ജോർജ്ജ് | 1985 |
| കഥയ്ക്കു പിന്നിൽ | കെ ജി ജോർജ്ജ് | 1987 | |
| തന്ത്രം | കമ്മീഷണർ | ജോഷി | 1988 |
| സംഘം | പ്രായിക്കര അപ്പ | ജോഷി | 1988 |
| റാംജി റാവ് സ്പീക്കിംഗ് | സിദ്ദിഖ്, ലാൽ | 1989 | |
| കാലാൾപട | മോഹനചന്ദ്രൻ ഉണ്ണിത്താൻ എം പി | വിജി തമ്പി | 1989 |
| അഥർവ്വം | ഡെന്നിസ് ജോസഫ് | 1989 | |
| ചാണക്യൻ | ടി കെ രാജീവ് കുമാർ | 1989 | |
| ക്രൈം ബ്രാഞ്ച് | കെ എസ് ഗോപാലകൃഷ്ണൻ | 1989 | |
| പുതിയ കരുക്കൾ | തമ്പി കണ്ണന്താനം | 1989 | |
| പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | കമൽ | 1989 | |
| കളിക്കളം | സത്യൻ അന്തിക്കാട് | 1990 | |
| പരമ്പര | സിബി മലയിൽ | 1990 | |
| മിഥ്യ | ഹസ്സൻ ഭായി | ഐ വി ശശി | 1990 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| അപർണ്ണ | സി പി പദ്മകുമാർ | 1983 |