പാർവതി ടി
ടി വി ചാനൽ അവതാരക, നാടകപ്രവർത്തക, എഴുത്തുകാരി, നടി, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകളിൽ അറിയപ്പെടുന്ന പാർവതി സൈക്കോളജിയിൽ എംഫിൽ കരസ്ഥമാക്കിയ വ്യക്തിയാണ്. ഒരു സൈക്കോളജിസ്റ്റായി പ്രവർത്തിച്ച് വരുന്നതിനിടെ ആണ് ടെലിവിഷൻ രംഗത്തെ അവതാരകയായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങിയ ചാനലുകളിൽ പ്രോഗ്രാമുകളും ഇന്റർവ്യൂകളുമൊക്കെ അവതരിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പാർവതി , ഓൾ സെയിന്റ്സ് കോളേജ്, വിമൻസ് കോളേജ് , കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങളിലാണ് യഥാക്രമം പ്രീഡിഗ്രിയും, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലുമൊക്കെ പൂർത്തിയാക്കിയത്. തിരുവനന്തപുരം ലോ അക്കാദമിയിലും പഠിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്ന സമയത്ത് അക്കാലത്തെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വി.സതീശനെ വിവാഹം കഴിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത "ടൈം" എന്ന ചിത്രത്തിൽ ഒരു ആക്റ്റിവിസ്റ്റിന്റെ വേഷമിട്ടു കൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. നീലത്താമരയിലെ "സീനിയർ കുഞ്ഞിമാളു" എന്ന കഥാപാത്രം ശ്രദ്ധേയമായി. തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ടു. നാടകപ്രവർത്തകരായ രഘുത്തമൻ, ജ്യോതിഷ് എന്നിവർ പാർവതിയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ജ്യോതിഷിന്റെ "സാഗരകന്യക" എന്ന നാടകത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും യാത്ര ചെയ്ത് വേഷമവതരിപ്പിച്ചു. തിരുവനന്തപുരത്തെ അഭിനയ തിയറ്റർ റിസേർച്ച് സെന്ററിലെ നാടകങ്ങളിൽ അഭിനയിക്കുന്ന പാർവതി "ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത്" എന്ന നാടകത്തിന്റെ രചനയും നിർവ്വഹിച്ചിരുന്നു.
വിവര അവലംബങ്ങൾ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ടൈം | ആക്റ്റിവിസ്റ്റ് | ഷാജി കൈലാസ് | 2007 |
| നീലത്താമര | സീനിയർ കുഞ്ഞിമാളു | ലാൽ ജോസ് | 2009 |
| പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ | ജഡ്ജി മേരി കുര്യൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2009 |
| പ്രമാണി | ബോബിയുടെ അമ്മ | ബി ഉണ്ണികൃഷ്ണൻ | 2010 |
| അപൂർവരാഗം | റീത്ത | സിബി മലയിൽ | 2010 |
| ബാവുട്ടിയുടെ നാമത്തിൽ | റംലത്താ | ജി എസ് വിജയൻ | 2012 |
| നത്തോലി ഒരു ചെറിയ മീനല്ല | പ്രേം കൃഷ്ണന്റെ അമ്മ | വി കെ പ്രകാശ് | 2013 |
| വെടിവഴിപാട് | പത്മ | ശംഭു പുരുഷോത്തമൻ | 2013 |
| ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 | |
| ഓം ശാന്തി ഓശാന | റോസമ്മ പി വി (പ്രിൻസിപ്പൾ) | ജൂഡ് ആന്തണി ജോസഫ് | 2014 |
| ടമാാാർ പഠാാാർ | മഹിളാവകാശ പ്രവർത്തക സന്ധ്യ സുമേഷ് | ദിലീഷ് നായർ | 2014 |
| മുന്നറിയിപ്പ് | അഞ്ജലിയുടെ അമ്മ | വേണു | 2014 |
| ഒരു വടക്കൻ സെൽഫി | ഡെയ്സിയുടെ അമ്മ | ജി പ്രജിത് | 2015 |
| സാൾട്ട് മാംഗോ ട്രീ | ടീച്ചർ | രാജേഷ് നായർ | 2015 |
| പാവാട | മദർ സുപ്പീരിയർ | ജി മാർത്താണ്ഡൻ | 2016 |
| ഗേൾസ് | അധ്യാപിക | തുളസീദാസ് | 2016 |
| കരിങ്കുന്നം 6s | ഡോക്ടർ | ദീപു കരുണാകരൻ | 2016 |
| ലീല | പത്മിനി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2016 |
| പാതി | ചന്ദ്രൻ നരിക്കോട് | 2017 | |
| ഗോദ | ബേസിൽ ജോസഫ് | 2017 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
| ലൂസിഫർ | പൃഥ്വിരാജ് സുകുമാരൻ | 2019 |