നരേന്ദ്രപ്രസാദ്

Narendraprasad
Date of Death:
Sunday, 2 November, 2003
സംഭാഷണം: 1
തിരക്കഥ: 1

ഒരു അഭിനേതാവ് എന്നതിലുപരി അദ്ധ്യാപകൻ, നാടകകൃത്ത്, എഴുത്തുകാരൻ, സാഹിത്യവിമർശകൻ എന്നീ നിലകളിൽ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ-സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ആർ നരേന്ദ്രപ്രസാദ്.

വി രാഘവക്കുറുപ്പിൻ്റെയും പി ജാനകിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ചു. മാവേലിക്കര ഗവണ്മെന്റ് സ്കൂളിലാണ് വിദ്യാഭ്യാസജീവിതം ആരംഭിക്കുന്നത്. പന്തളം എൻ എസ് എസ് കോളേജിൽ നിന്നും കണക്കിൽ ബിരുദം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 1967-ൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1968-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയക്ടറായി ചുമതല വഹിച്ചിട്ടുണ്ട്.

നാടകത്തിൽ കമ്പം കയറിയ നരേന്ദ്രപ്രസാദ് എൺപതുകളുടെ ആരംഭത്തിൽ നാട്യഗൃഹം എന്ന നാടകട്രൂപ്പ് സ്ഥാപിച്ച്, അതിനുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. നടന്മാരായ മുരളി, ഗോപകുമാർ, അലിയാർ കുഞ്ഞ്, റഷീദ് തുടങ്ങിയവർ ഈ ട്രൂപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയായാണ് നാടകങ്ങൾക്ക് സംഗീതം നൽകിയിരുന്നത്. സൗപർണിക, വെള്ളിയാഴ്ച, ശനിദശ, മാർത്താണ്ഡവർമ എങ്ങനെ രക്ഷപെട്ടു, മൂന്നു പ്രഭുക്കന്മാർ, സതീർത്ഥ്യൻ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങളിൽ ചിലതാണ്.
സൗപർണിക എന്ന നാടകം 1983 -ലെ കേരളസംഗീത നാടക അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങൾ നേടി. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും 1985 - ൽ സൗപർണികയ്ക്ക് ലഭിക്കുകയുണ്ടായി.
മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്ന നരേന്ദ്രപ്രസാദിന്റെ പ്രധാനപ്പെട്ട രചനകളിൽപ്പെട്ടതാണ് അലഞ്ഞവർ അന്വേഷിച്ചവർ (നോവൽ), നിഷേധികളേ മനസ്സിലാക്ക് (വിമർശനം), ജാതി പറഞ്ഞാൽ എന്തേ (വിമർശനം) എന്നിവ.

സിനിമാഭിനയത്തിൽ അത്ര താത്പര്യമില്ലായിരുന്ന നരേന്ദ്രപ്രസാദ്, ശ്യാമപ്രസാദിന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 150 ഓളം സിനിമകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം പൈതൃകം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി. പാണ്ഡവപ്പട, സ്ത്രീ, വേദനകളുടെ വിരൽപ്പാടുകൾ, ശംഘുപുഷ്പം തുടങ്ങിയ സീരിയലുകളിലൂടെ തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ ടെലിവിഷനിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.

ചിത്രം, ഓർക്കാപ്പുറത്ത്, ദൗത്യം, ഞാൻ ഗന്ധർവ്വൻ, വൈശാലി, അഥർവം മുതലായ ചിത്രങ്ങളിൽ ഡബ്ബിങ് ആര്ടിസ്റ്റായും മികവറിയിച്ചു.
എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ പൂർണ്ണ മനസ്സോടെ സ്വീകരിച്ചിരുന്ന ഒരാളായിരുന്നില്ല നരേന്ദ്രപ്രസാദ്. "കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല. സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ," എന്നദ്ദേഹം ഒരിക്കൽ അഭിപ്രയപ്പെട്ടത് അതുകൊണ്ടാവണം.

നരേന്ദ്രപ്രസാദിന്റെ ജീവിതത്തെ ആസ്പദമാക്കി അരുൺ എസ് ഒരുക്കിയ ഡോക്യൂമെന്ററിയാണ് അരങ്ങൊഴിഞ്ഞ അക്ഷരപ്രഭു. അടൂർ ഗോപാലകൃഷ്ണൻ, ജയരാജ്, സൂര്യകൃഷ്ണമൂർത്തി, പി.ശ്രീകുമാർ, എം.ആർ.ഗോപകുമാർ, പ്രൊഫസർ അലിയാർ, എം.എ.ബേബി എന്നിങ്ങനെ നിരവധി പ്രമുഖർ ഡോക്യൂമെന്ററിയുടെ ഭാഗമായിരുന്നു.

ശ്വാസകോശസംബന്ധമായ അസുഖംമൂലം 2003 നവംബർ 3 നു കോഴിക്കോട് PVS ആശുപത്രിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

അച്ഛൻ: വി രാഘവക്കുറുപ്പ്

അമ്മ: പി ജാനകിയമ്മ

ഭാര്യ: നന്ദ പ്രസാദ്

മക്കൾ: ദീപ, ദിവ്യ

കൗതുകങ്ങൾ

だいやまーく പി പത്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ അശരീരികൾക്ക് നരേന്ദ്രപ്രസാദിന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അസ്ഥികൾ പൂക്കുന്നു പി ശ്രീകുമാർ 1989
തലസ്ഥാനം ജി പരമേശ്വരൻ (ജിപി) ഷാജി കൈലാസ് 1992
കുടുംബസമേതം ജയരാജ് 1992
ഉത്സവമേളം തിരുമേനി സുരേഷ് ഉണ്ണിത്താൻ 1992
ഊട്ടിപ്പട്ടണം രാജശേഖരവർമ്മ തമ്പുരാൻ ഹരിദാസ് 1992
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
രാജശില്പി ആർ സുകുമാരൻ 1992
അദ്വൈതം ശ്രീകണ്ഠ പൊതുവാൾ പ്രിയദർശൻ 1992
അമ്മയാണെ സത്യം ബാലചന്ദ്ര മേനോൻ 1993
യാദവം സേനൻ ജോമോൻ 1993
ഏകലവ്യൻ സ്വാമി അമൂർത്താനന്ദ ഷാജി കൈലാസ് 1993
പ്രവാചകൻ പി ജി വിശ്വംഭരൻ 1993
പൈതൃകം ജയരാജ് 1993
ജേർണലിസ്റ്റ് ശർമ്മാജി വിജി തമ്പി 1993
ജനം ബാലചന്ദ്രന്റെ അച്ഛൻ വിജി തമ്പി 1993
സരോവരം ജേസി 1993
കുടുംബസ്നേഹം 1993
ആയിരപ്പറ പത്മനാഭ കൈമൾ വേണു നാഗവള്ളി 1993
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഷാജി കൈലാസ് 1993
ബന്ധുക്കൾ ശത്രുക്കൾ വിശ്വംഭരൻ ശ്രീകുമാരൻ തമ്പി 1993

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അസ്ഥികൾ പൂക്കുന്നു പി ശ്രീകുമാർ 1989

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അസ്ഥികൾ പൂക്കുന്നു പി ശ്രീകുമാർ 1989

അതിഥി താരം

Submitted 15 years 9 months ago by rakeshkonni.
Contributors:
ContributorsContribution
ഓഡിയോ വേർഷൻ വായിച്ച് റെക്കോർഡ് ചെയ്തു