തൊടുപുഴ രാധാകൃഷ്ണൻ

Thodupuzha Radhakrishnan

മാധവൻപിള്ളയുടെയും കമലമ്മയുടെയും അഞ്ചു മക്കളിൽ മൂത്തപുത്രനായി 1942 ൽ തൊടുപുഴ ടൗണിൽ കാഞ്ഞിരമറ്റം കവലയ്ക്ക് സമീപം പത്മാലയത്തിൽ ജനിച്ച എം രാധാകൃഷ്ണൻ എസ്എസ്എൽസി വരെ പഠിച്ചിട്ടുണ്ട്. അഭിനയത്തിൽ താല്പര്യമുണ്ടായിരുന്ന ഇദ്ദേഹം, നാട്ടിലെ അമച്വർ നാടക സംഘങ്ങളുമായി സഹകരിച്ചിരുന്നു. സ്വന്തമായി ജീപ്പുണ്ടായിരുന്ന ഇദ്ദേഹം ഒരു നല്ല ഡ്രൈവറുമായിരുന്നു. കുറച്ചുകാലം തൊടുപുഴ ടൗണിൽ ടാക്സി ജീപ്പ് ഓടിച്ചിരുന്നു.

1962 ൽ ഇദ്ദേഹത്തിന് പൊലീസിൽ ഡ്രൈവറായി ജോലി ലഭിക്കുകയുണ്ടായി. ചില ഉന്നത പോലീസുദ്യോഗസ്ഥരുടെ സ്ഥിരം ഡ്രൈവറായിരുന്നു രാധാകൃഷ്ണൻ. ഒരിക്കൽ ഒരു മേലുദ്യോഗസ്ഥനുമായി ഒത്തുപോകാൻ കഴിയാതെ വന്നപ്പോൾ 1965 ൽ രാജിക്കത്ത് നൽകി സേന വിട്ടു.

1967 ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രത്തിലൂടെയാണ് രാധാകൃഷ്ണൻ സ്ക്രീനിലെത്തുന്നത്. ചിത്രത്തിൽ ഇദ്ദേഹം ഒരു മിലിട്ടറി ഡോക്ടറുടെ വേഷമാണ് അവതരിപ്പിച്ചത്. തുടർന്ന് ‘പരീക്ഷ’, ‘കൊച്ചിൻ എക്സ്പ്രസ്സ്’, ‘പാടുന്ന പുഴ’,‘ലൗ ഇൻ കേരള’, ‘തുലാഭാരം’, ‘കണ്ണൂർ ഡീലക്സ്’, ‘കടൽപാലം’, ‘കള്ളിച്ചെല്ലമ്മ’, ‘നിഴലാട്ടം’, ‘ലോട്ടറി ടിക്കറ്റ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഇവയിൽ പലതിലും താരതമ്യേന ശ്രദ്ധിക്കപ്പെട്ട റോളുകളാണദ്ദേഹത്തിന് ലഭിച്ചത്.

തുടർന്ന് വില്ലനായും കൊമേഡിയനായും സ്വഭാവനടനായും നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ‘മായ’, ‘സ്നേഹദീപമേ മിഴി തുറക്കൂ’, ‘ഉദയം’, ‘തീർത്ഥയാത്ര’, ‘കൊട്ടാരം വിൽക്കാനുണ്ട്’, ‘തെമ്മാടി വേലപ്പൻ’, ‘ജഗദ്ഗുരു ആദിശങ്കരൻ’, ‘മിനിമോൾ’, ‘പരിവർത്തനം’, ‘കന്യക’, ‘ഈറ്റ’,‘ചൂള’, ‘ആവേശം’, ‘തീനാളങ്ങൾ’, ‘ചന്ദ്രഹാസം’, ‘ഇത്തിക്കരപ്പക്കി’, ‘മകരവിളക്ക്’, ‘അഗ്നിശരം’, ‘ജംബുലിംഗം’, ‘ഈ നാട്’, ‘നാഗമഠത്ത് തമ്പുരാട്ടി’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, തുടങ്ങിയവയൊക്കെ ഇദ്ദേഹം വേഷമിട്ട ശ്രദ്ധേയ ചിത്രങ്ങളാണ്.

‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന സിനിമയിൽ ‘വിസ്ക്കി കുടിക്കാൻ വെള്ളിക്കിണ്ടി’ എന്ന പാട്ട് നയിക്കുന്നത് രാധാകൃഷ്ണനാണ്. ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

യഥാർത്ഥത്തിൽ സിനിമയിലദ്ദേഹം ഏറ്റവും നന്നായി തിളങ്ങിയത് ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ്. ഒരു വില്ലനു വേണ്ട ആകാരവും തടിമിടുക്കും ശബ്ദഗാംഭീര്യവുമെല്ലാം ഉണ്ടായിരുന്നിട്ടും കാക്കിയുപേക്ഷിച്ച് കലാരംഗത്തു വന്ന ഇദ്ദേഹത്തിന് സിനിമയിൽ താനാഗ്രഹിച്ചതുപോലെയുള്ള ഉയരങ്ങളിലെത്താൻ സാധിച്ചില്ല. അതിന് മദ്യപാനാസക്തി വലിയൊരു മാർഗ്ഗതടസ്സമായിരുന്നത്രെ. കൂനിന്മേൽ കുരു എന്നതുപോലെ പിന്നീട് പ്രമേഹവും ബാധിച്ചു.

വർഷങ്ങളോളം മദ്രാസിലെ വാടകവീട്ടിലായിരുന്നു രാധാകൃഷ്ണന്റെ ജീവിതം. ഭാര്യയും രണ്ട് പെൺമക്കളുമായിരുന്നു ആകെയുള്ള സമ്പാദ്യങ്ങൾ. ജീവിതക്ലേശങ്ങൾ വല്ലാതെ അലട്ടിയതുകൊണ്ടാകാം ഇദ്ദേഹം 1988 സെപ്റ്റംബർ 3 ആം തിയതി തന്റെ 46 ആം വയസ്സിൽ ജീവിതം സ്വയം അവസാനിപ്പിച്ചു. മൂവാറ്റുപുഴയിലെ ഒരു ലോഡ്ജിലായിരുന്നു ആത്മഹത്യ. മൂന്നുദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൊച്ചിൻ എക്സ്പ്രസ്സ് എം കൃഷ്ണൻ നായർ 1967
പാടുന്ന പുഴ ഇൻസ്പെക്ടർ എം കൃഷ്ണൻ നായർ 1968
ഭാര്യമാർ സൂക്ഷിക്കുക കെ എസ് സേതുമാധവൻ 1968
ഡേയ്ഞ്ചർ ബിസ്ക്കറ്റ് എ ബി രാജ് 1969
കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ 1969
എഴുതാത്ത കഥ ഗോവിന്ദൻ മുതലാളി എ ബി രാജ് 1970
ലോട്ടറി ടിക്കറ്റ് ലോട്ടറി വിൽപ്പനക്കാരൻ എ ബി രാജ് 1970
നിഴലാട്ടം എ വിൻസന്റ് 1970
ആഭിജാത്യം എ വിൻസന്റ് 1971
സിന്ദൂരച്ചെപ്പ് ബാർബർ മധു 1971
യോഗമുള്ളവൾ സി വി ശങ്കർ 1971
അനന്തശയനം കെ സുകുമാരൻ 1972
മറവിൽ തിരിവ് സൂക്ഷിക്കുക ജെ ശശികുമാർ 1972
മായ കുമാരൻ രാമു കാര്യാട്ട് 1972
സ്നേഹദീപമേ മിഴി തുറക്കൂ ജോസഫ് പി ഭാസ്ക്കരൻ 1972
നാടൻ പ്രേമം ക്രോസ്ബെൽറ്റ് മണി 1972
തീർത്ഥയാത്ര എ വിൻസന്റ് 1972
വീണ്ടും പ്രഭാതം സദാനന്ദൻ പി ഭാസ്ക്കരൻ 1973
ഉദയം ഉതുപ്പ് പി ഭാസ്ക്കരൻ 1973
തിരുവാഭരണം ഭാസ്‌കരൻ ജെ ശശികുമാർ 1973

ശബ്ദം കൊടുത്ത ചിത്രങ്ങൾ

Submitted 15 years 5 months ago by vinamb.