താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
1931 -ൽ ശിവശങ്കര പിള്ളയുടേയും ചെല്ലമ്മയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ വഞ്ചിയുരിൽ ജനിച്ചു. തിരുവനന്തപുരത്ത് സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിൽ ഗാനഭൂഷണം കോഴ്സിനു പഠിച്ചുകൊണ്ടിരിക്കേയാണ് "യാചകമോഹിനി" എന്ന പടത്തിൽ രാധാദേവിയ്ക്ക് പാടാനും അഭിനയിക്കുവാനുമുള്ള അവസരം ലഭിച്ചത്. പക്ഷേ ആ സിനിമ നിർമ്മാണം പകുതിയ്ക്ക് വെച്ച് തടസ്സപ്പെട്ടു. ആദ്യ സിനിമ പൂർത്തിയായില്ലെങ്കിലും 1950 -ൽ പത്തൊൻപതാം വയസ്സിൽ, രാധാദേവി സിനിമയിൽ തിരിച്ചെത്തി. തിക്കുറിശ്ശി സുകുമാരൻ നായരുടെ പ്രശസ്ത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ സ്ത്രീ -യിൽ സുധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്.
അതിനുശേഷം ഉദയായുടെ നല്ലതങ്ക എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചു. തുടർന്ന് എട്ട് സിനിമകളിൽ കൂടി അവർ പിന്നണി പാടി. അഞ്ച് ചിത്രങ്ങളിൽ രാധാദേവി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 1951 -ൽ വനമാല എന്ന സിനിമയിൽ ഒരു ബാലനടിയ്ക്ക് ശബ്ദം പകർന്നുകൊണ്ട് രാധാദേവി ഡബ്ബിംഗ് മേഖലയിലും തുടക്കം കുറിച്ചു. തുടർന്ന് ജ്ഞാനസുന്ദരി ഉൾപ്പെടെ ചില സിനിമകൾക്ക് കൂടി ശബ്ദം കൊടുത്തു. 1949 -ൽ ട്രാവൻകൂർ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനിൽ ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ച രാധാദേവി 1950 -ൽ ആകാശവാണി നിലയം പ്രവർത്തനമാരംഭിച്ചപ്പോൾ അവിടേയും ജോലിയിൽ തുടർന്നു.1991 -ൽ അവർ ജോലിയിൽ നിന്നും വിരമിച്ചു. 1989 -ൽ സെൻസർ ബോർഡിൽ അംഗമായിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ്. ഗുരുപൂജ പുരസ്ക്കാരം, ടാഗോർ ജയന്തി അവാർഡ്, സിനിമയിലെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര പുരസ്ക്കാരം, നാട്യഗൃഹം അവാർഡ്, ആകാശവാണിയിൽ അറുപത് വർഷം പിന്നട്ടതിനുള്ള പുരസ്കാരം എന്നിവ രാധാദേവിയ്ക്ക് ലഭിച്ചിട്ടുണ്ട്.
പരേതനായ എൻ നാരായണൻ നായരായിരുന്നു രാധാദേവിയുടെ ഭർത്താവ്. ഒരു മകൻ നന്ദഗോപൻ. 2025 ജൂലൈയിൽ സി എസ് രാധാദേവി അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സ്ത്രീ | സുധ | ആർ വേലപ്പൻ നായർ | 1950 |
| സി ഐ ഡി | എം കൃഷ്ണൻ നായർ | 1955 | |
| ബീന | കെ നാരായണൻ | 1978 | |
| മോർച്ചറി | ദേവകി | ബേബി | 1983 |
ആലപിച്ച ഗാനങ്ങൾ
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ഞാറ്റടി | ഭരത് ഗോപി | 1979 | |
| കടൽ | പി സുബ്രഹ്മണ്യം | 1968 | ശാരദ |
| സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 | എൽ വിജയലക്ഷ്മി |
| ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 | എൽ വിജയലക്ഷ്മി |
| സീത | എം കുഞ്ചാക്കോ | 1960 | കുശലകുമാരി |
| വനമാല | ജി വിശ്വനാഥ് | 1951 |