അബു സലിം

Abu Salim

മലയാള ചലച്ചിത്ര താരം. 1956 മെയ് 11 ന് വയനാട് ജില്ലയിലെ കൽപ്പറ്റയിൽ കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ചു. കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പഠനം കഴിഞ്ഞ അദ്ദേഹം താമസിയാതെ കേരളപോലീസിൽ ഉദ്യോഗസ്ഥനായി ചേർന്നു. ബോഡി ബിൽഡിംഗിൽ തത്പരനായിരുന്ന അബു സലിം 1981-ൽ മിസ്റ്റർ കാലിക്കറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ മിസ്റ്റർ കേരള ആയും 1983, 86, 87 വർഷങ്ങളിൽ മിസ്റ്റർ സൗത്ത്‌ ഇന്ത്യയായും അദ്ധേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984 -ൽ അബു സലിം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. .

1978 ൽ പുറത്തു വന്ന രാജൻ പറഞ്ഞ കഥ എന്ന സിനിമയിലൂടെ ആണ് അബു സലിം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നൂറ്റമ്പതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയിച്ചവയിൽ കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു. മലയാളം കൂടാതെ ചില തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അബു സലിം അഭിനയിച്ചിട്ടുണ്ട്. കമാൽ ധമാൽ, മാലാമൽ വീക്ക്‌ലി എന്നിവ അദ്ദേഹം അഭിനയിച്ച ചില ഹിന്ദി ചിത്രങ്ങൾ ആണ്. 2012-ൽ പോലീസിൽ നിന്നും മുപ്പത്തിമൂന്നുവർഷത്തെ സേവനത്തിനു ശേഷം സബ്ബ് ഇസ്പെക്ടറായി വിരമിച്ചു.

അബു സലിമിന്റെ ഭാര്യ ഉമ്മുകുൽസു. മക്കൾ:സബിത, സാനു സലിം. ചെമ്പട എന്ന സിനിമയിലൂടെ സാനുവും അഭിനയ രംഗത്തുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
രാജൻ പറഞ്ഞ കഥ രാജനെ ഉരുട്ടിക്കൊല്ലുന്ന പോലീസുകാരൻ മണിസ്വാമി 1978
പുരാവൃത്തം ജന്മിയുടെ ഗുണ്ട ലെനിൻ രാജേന്ദ്രൻ 1988
ആയുഷ്‌കാലം പീറ്റർ കമൽ 1992
ജോണി വാക്കർ ജയരാജ് 1992
ഡാഡി പോലീസ് ഓഫീസർ സംഗീത് ശിവൻ 1992
യാദവം ജോമോൻ 1993
ഗാന്ധാരി സുനിൽ 1993
വാരഫലം താഹ 1994
ഭരണകൂടം സുനിൽ 1994
തറവാട് കൃഷ്ണൻ മുന്നാട് 1994
മാനത്തെ കൊട്ടാരം ഗുണ്ട സുനിൽ 1994
വിഷ്ണു പി ശ്രീകുമാർ 1994
നെപ്പോളിയൻ സജി 1994
പിൻ‌ഗാമി സത്യൻ അന്തിക്കാട് 1994
ക്യാബിനറ്റ് സജി 1994
വാർദ്ധക്യപുരാണം രാജസേനൻ 1994
രുദ്രാക്ഷം വേശ്യാലയത്തിലെ ഗുണ്ട ഷാജി കൈലാസ് 1994
ഗമനം ശ്രീപ്രകാശ് 1994
പ്രായിക്കര പാപ്പാൻ തെക്കന്റെ ഗുണ്ട ടി എസ് സുരേഷ് ബാബു 1995
സ്ട്രീറ്റ് പി അനിൽ, ബാബു നാരായണൻ 1995

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗോൾഡ് അൽഫോൻസ് പുത്രൻ 2022
മധുരരാജ വൈശാഖ് 2019