ടെസ്സ
1983 മാർച്ച് 7 -ന് എം കെ ജോർജ്ജിന്റെയും ആച്ചിമ്മയുടെയും മകളായി കോട്ടയം ജില്ലയിലെ മണിമലയിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക്ക് സ്ക്കൂൾ ആൻഡ് ജൂനിയർ കോളേജിലായിരുന്നു ടെസ്സയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊച്ചിൻ സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദമെടുത്തു.
കൈരളി ചാനലിലെ ഹലോ ഗുഡ് ഈവനിംഗ് എന്ന ഷോയുടെ അവതാരികയായാണ് ടെസ്സ തന്റെ കരിയരിന് തുടക്കമിടുന്നത്. ആ പ്രോഗ്രാമിലൂടെ ടെസ്സ ശ്രദ്ധിയ്ക്കപ്പെട്ടു. തുടർന്ന് ചില പരസ്യ ചിത്രങ്ങളിൽ മോഡലായി. ഹലൊ ഗുഡ് ഈവനിംഗ് പ്രോഗ്രാമിൽ അതിഥിയായി വന്ന പ്രശസ്ത സംവിധായകൻ ലാൽ ജോസാണ് ടെസ്സയെ സിനിമയിലേയ്ക്ക് ക്ഷണിയ്ക്കുന്നത്. 2003 -ൽ ലാൽജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ടെസ്സ അഭിനയിച്ചു. 2005 -ൽ വിവാഹിതയായ ടെസ്സ അഭിനയരംഗത്തുനിന്നും പിന്മാറി. പിന്നീട് 2015 -ൽ ബാലചന്ദ്ര മേനോന്റെ ഞാൻ സംവിധാനം ചെയ്യും എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. തുടർന്ന് രാജമ്മ@യാഹു, മറുപടി, ഗോൾഡ് കോയിൻസ് എന്നീ സിനിമകളിലും അഭിനയിച്ചു. 2021 -ൽ മഴവിൽ മനോരമയിലെ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ടെസ്സ ടെലിവിഷൻ രംഗത്തേയ്ക്കും മടങ്ങിവന്നു.
ടെസ്സയുടെ ഭർത്താവ് അനിൽ ജോസഫ്. രണ്ട് കുട്ടികൾ റോഷൻ, രാഹുൽ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പട്ടാളം | വിമല | ലാൽ ജോസ് | 2003 |
| ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്ര മേനോൻ | 2015 | |
| രാജമ്മ@യാഹു | രാജം | രഘുരാമ വർമ്മ | 2015 |
| മറുപടി | വി എം വിനു | 2016 | |
| ഗോൾഡ് കോയിൻസ് | പ്രമോദ് ജി ഗോപാൽ | 2017 | |
| തലവൻ | രേഷ്മ ഹേമന്ത് | ജിസ് ജോയ് | 2024 |