ടി ഹരിഹരൻ

T Hariharan
എഴുതിയ ഗാനങ്ങൾ: 6
സംഗീതം നല്കിയ ഗാനങ്ങൾ: 4
സംവിധാനം: 50
കഥ: 13
സംഭാഷണം: 4
തിരക്കഥ: 16

കോഴിക്കോട് സ്വദേശി. ഹരിഹരന്റെ അച്ഛൻ മാധവൻ നമ്പീശൻ ശാസ്ത്രീയസംഗീതാധ്യപകനായിരുന്നു. ഹരിഹരൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരണമടഞ്ഞു. തുടർന്ന് ചിത്രകാരനായിരുന്ന അമ്മാവനായിരുന്നു രക്ഷിതാവ്. അച്ഛനിൽ നിന്നും അമ്മാവനിൽ നിന്നുമൊക്കെ സംഗീതമുൾപ്പടെയുള്ള കലകളൊക്കെ അഭ്യസിച്ച ഹരിഹരൻ ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെ തുടങ്ങി വച്ചു. ഹരിഹരൻ സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂളിൽ ചേർന്നു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്‌സാണെങ്കിലും ഒരു കൊല്ലം കൊണ്ട് അത് അവസാനിപ്പിച്ച് കോഴിക്കോട് യൂണിവേഴ്‌സൽ കോളേജിൽ ചേർന്നു രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും നേടി.പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു,കോഴിക്കോടിന്റെ നാടകലോകത്ത് നിന്നും സിനിമാതാരം ബഹദൂറുമായുള്ള പരിചയമാണ് ഹരിഹരന്റെ ജീവിതത്തിൽ മാറ്റം വരുത്തിയത്. ബഹദൂറിന്റെ നാടകട്രൂപ്പിൽ ചേർന്ന ഹരിഹരൻ സ്ക്രിപ്റ്റ് സഹായിയായും അഭിനേതാവായും രാജ്യത്ത് പലസ്ഥലത്തും സഞ്ചരിച്ചു.

അഭിനേതാവും ഗായകനുമാകാനായി 1964ൽ ചെന്നൈക്ക് വണ്ടി കയറിയ ഹരിഹരൻ 965-ലാണ് സിനിമയിലെത്തുന്നത്. ബഹദൂറിന്റെ നിർദ്ദേശപ്രകാരം സംവിധായകൻ പി ബി ഉണ്ണിയുടെ സഹായി ആയാണ് സിനിമയിൽ തുടക്കമിടുന്നത്. രാഗിണി എന്ന ചിത്രമായിരുന്നു ആദ്യത്തേത്. തുടർന്ന് സത്യൻമാഷ് അഭിനയിച്ച തളിരുകൾ, എൻ ജി ഒ എന്നീ ചിത്രങ്ങളുടെ സംവിധാന സഹായിയായി. സത്യന്മാഷ്, പ്രേംനസീർ എന്നിവർ ഹരിഹരന് ഏറെ പ്രോത്സാഹനം നൽകി. പി ബി ഉണ്ണി മുതൽ എം കൃഷ്ണൻനായർ വരെ ഒൻപതോളം സംവിധായകരുടെ കൂടെ പതിനഞ്ചിലധികം സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്. 1973-ൽ റിലീസ് ചെയ്ത ലേഡീസ് ഹോസ്റ്റൽ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീർ നായകനായ ഈ മുഴുനീള ഹാസ്യചിത്രം വൻ പ്രദർശന വിജയം നേടി. തുടർന്ന് പ്രേംനസീർ, മധു എന്നിവരെ നായകരാക്കി ധാരാളം വിജയചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. 1979-ൽ ഹരിഹരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ശരപഞ്ചരത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോയായിമാറിയ ജയൻ മുൻനിര നായകനാകുന്നത്. കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചതിനാൽ തന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ സംഗീതസംവിധാനവും ഒപ്പം ഗാനരചനയും നിർവ്വഹിച്ചു. 1978ൽ ഐവി ശശി സംവിധാനം ചെയ്ത ഈ മനോഹരതീരമെന്ന സിനിമയിൽ ഒരു ക്ലബ് ഗായകനായി വേഷമിട്ടു.

ഹരിഹരൻ അൻപതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും പ്രദർശനവിജയം നേടിയതിനോടൊപ്പം നിരൂപക പ്രശംസകൂടി നേടിയവയാണ്. വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, ഒരുവടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി എന്നീ ചിത്രങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയാണ്. 1992ൽ സർഗ്ഗം, 1994ൽ പരിണയം, 2009ൽ പഴശ്ശിരാജ എന്നീ ചിത്രങ്ങൾക്ക് മികച്ച സം‌വിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായരും ഹരിഹരനും ഒത്തു ചേർന്നപ്പോൾ ആ കൂട്ടുകെട്ടിൽ മലയാളത്തിന് മറക്കാനാവാത്ത ചലച്ചിത്ര കാവ്യങ്ങളുണ്ടായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. എം ടിയുടെ പതിനൊന്ന് തിരക്കഥകൾക്കാണ് ഹരിഹരൻ ദൃശ്യഭാഷ്യമൊരുക്കിയത്. അദ്ദേഹം സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷം പൂർത്തിയായി..

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഏഴാമത്തെ വരവ് എം ടി വാസുദേവൻ നായർ 2013
കേരളവർമ്മ പഴശ്ശിരാജ എം ടി വാസുദേവൻ നായർ 2009
മയൂഖം ടി ഹരിഹരൻ 2005
പ്രേം പൂജാരി ഡോ ബാലകൃഷ്ണൻ 1999
എന്ന് സ്വന്തം ജാനകിക്കുട്ടി എം ടി വാസുദേവൻ നായർ 1998
പരിണയം എം ടി വാസുദേവൻ നായർ 1994
സർഗം ടി ഹരിഹരൻ 1992
തമ്പുരാൻ 1991
ഒളിയമ്പുകൾ ഡെന്നിസ് ജോസഫ് 1990
ഒരു വടക്കൻ വീരഗാഥ എം ടി വാസുദേവൻ നായർ 1989
ആരണ്യകം എം ടി വാസുദേവൻ നായർ 1988
അമൃതം ഗമയ എം ടി വാസുദേവൻ നായർ 1987
പഞ്ചാഗ്നി എം ടി വാസുദേവൻ നായർ 1986
നഖക്ഷതങ്ങൾ എം ടി വാസുദേവൻ നായർ 1986
വെള്ളം എം ടി വാസുദേവൻ നായർ 1985
പൂമഠത്തെ പെണ്ണ് ടി ഹരിഹരൻ 1984
വികടകവി ഡോ ബാലകൃഷ്ണൻ 1984
വരന്മാരെ ആവശ്യമുണ്ട് ഡോ ബാലകൃഷ്ണൻ 1983
അനുരാഗക്കോടതി ഡോ ബാലകൃഷ്ണൻ 1982
സംസ്ക്കാരം ടി ഹരിഹരൻ 1982

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എഴുതാത്ത കഥ എ ബി രാജ് 1970

കഥ

ചിത്രം സംവിധാനം വര്‍ഷം
അയലത്തെ സുന്ദരി ടി ഹരിഹരൻ 1974
ലൗ മാര്യേജ് ടി ഹരിഹരൻ 1975
തോൽക്കാൻ എനിക്ക് മനസ്സില്ല ടി ഹരിഹരൻ 1977
യാഗാശ്വം ടി ഹരിഹരൻ 1978
മുത്തുച്ചിപ്പികൾ ടി ഹരിഹരൻ 1980
ലാവ ടി ഹരിഹരൻ 1980
പൂച്ചസന്യാസി ടി ഹരിഹരൻ 1981
സംസ്ക്കാരം ടി ഹരിഹരൻ 1982
അനുരാഗക്കോടതി ടി ഹരിഹരൻ 1982
പൂമഠത്തെ പെണ്ണ് ടി ഹരിഹരൻ 1984
സർഗം ടി ഹരിഹരൻ 1992
പ്രേം പൂജാരി ടി ഹരിഹരൻ 1999
മയൂഖം ടി ഹരിഹരൻ 2005

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മയൂഖം ടി ഹരിഹരൻ 2005
സർഗം ടി ഹരിഹരൻ 1992
പൂമഠത്തെ പെണ്ണ് ടി ഹരിഹരൻ 1984
സംസ്ക്കാരം ടി ഹരിഹരൻ 1982
അങ്കുരം ടി ഹരിഹരൻ 1982
ലാവ ടി ഹരിഹരൻ 1980
മുത്തുച്ചിപ്പികൾ ടി ഹരിഹരൻ 1980
ശരപഞ്ജരം ടി ഹരിഹരൻ 1979
യാഗാശ്വം ടി ഹരിഹരൻ 1978
തോൽക്കാൻ എനിക്ക് മനസ്സില്ല ടി ഹരിഹരൻ 1977
സുജാത ടി ഹരിഹരൻ 1977
അമ്മിണി അമ്മാവൻ ടി ഹരിഹരൻ 1976
പഞ്ചമി ടി ഹരിഹരൻ 1976
രാജയോഗം ടി ഹരിഹരൻ 1976
ലൗ മാര്യേജ് ടി ഹരിഹരൻ 1975
അയലത്തെ സുന്ദരി ടി ഹരിഹരൻ 1974

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അനുരാഗം (പഴയത്) മുത്തുരാമൻ

ഗാനരചന

ടി ഹരിഹരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കാറ്റിനു സുഗന്ധമാണിഷ്ടം മയൂഖം ബോംബെ രവി കെ ജെ യേശുദാസ് ഹിന്ദോളം 2005
ചുവരില്ലാതെ മയൂഖം ബോംബെ രവി പി ജയചന്ദ്രൻ 2005
ഈ നിലാവിൻ സ്മൃതിയിലൂറും ഏഴാമത്തെ വരവ് ടി ഹരിഹരൻ കെ ജെ യേശുദാസ് 2013
കാട് പൂത്തേ കനവു പൂത്തേ ഏഴാമത്തെ വരവ് ടി ഹരിഹരൻ കെ എസ് ചിത്ര 2013
ചന്ദനം മണക്കുന്ന കാട്ടിൽ ഏഴാമത്തെ വരവ് ടി ഹരിഹരൻ ഉണ്ണി മേനോൻ 2013
കുപ്പിവള മുത്തുച്ചിപ്പിവള ഏഴാമത്തെ വരവ് ടി ഹരിഹരൻ വിജിത 2013

അസിസ്റ്റന്റ് സംവിധാനം

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഈ മനോഹര തീരം ഐ വി ശശി 1978