ടി ഇ വാസുദേവൻ
1917
ശങ്കരമേനോന്റെയും യശോദാമ്മയുടെയും മകനായി ടി.ഇ വാസുദേവൻ 1917 ജൂലായ് 16 ആം തിയതി എറണാകുളം തൃപ്പൂണിത്തുറയിൽ ജനിച്ചു.
1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1940 ൽ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
ആദ്യ കാലങ്ങളിൽ ഹിന്ദിയിലെ ചിത്രങ്ങൾ മാത്രം വിതരണം ചെയ്തിരുന്ന ഇദ്ദേഹം പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ട് മലയാളചലച്ചിത്ര വ്യവസായ രംഗത്തേക്ക് ചുവടുവെച്ചു. മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലൻ നിർമിച്ച സേലം മോഡേൺ തീയറ്റേഴ്സ് നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ വർണ ചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് ഇദ്ദേഹത്തിന്റെ വിതരണ കമ്പനിയായിരുന്നു. തുടർന്ന് മലയാളം/തെലുങ്ക്/തമിഴ്/കന്നഡ/ഹിന്ദി/സിംഹള/ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.
1950 ൽ ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്ര നിർമ്മാണ രംഗത്തെത്തിയ ഇദ്ദേഹം മദ്രാസിലേക്ക് താമസം മാറ്റി. അമ്മ/ആശാദീപം/നായരു പിടിച്ച പുലിവാൽ/കുട്ടിക്കുപ്പായം/സ്നേഹസീമ/പുതിയ ആകാശം പുതിയ ഭൂമി/കൊച്ചിൻ എക്സ്പ്രസ്/ ലോട്ടറി ടിക്കറ്റ്/ഡെയ്ഞ്ചർ ബിസ്ക്കറ്റ്/കണ്ണൂർ ഡീലക്സ്/സ്ഥാനാർഥി സാറാമ്മ/ഭാര്യമാർ സൂക്ഷിക്കുക/കാവ്യമേള/ഫുട്ബോൾ ചാമ്പ്യൻ/ മണിയറ/മൈലാഞ്ചി/മറുനാട്ടിൽ ഒരു മലയാളി/ ജിമ്മി/കല്യാണ ഫോട്ടോ/പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ മലയാളത്തിൽ നിർമിച്ച അദ്ദേഹം മലയാളം കൂടാതെ മറ്റു ഭാഷകളിലും ചിത്രങ്ങൾ നിർമിച്ചിരുന്നു.
സ്നേഹസീമ/നായരുപിടിച്ച പുലിവാൽ/പുതിയ ആകാശം പുതിയ ഭൂമി/കാവ്യമേള/ഏഴുതാത്ത കഥ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി ആയിരുന്നു ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാൾ ഇദ്ദേഹമാണ്.
ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും ഇദ്ദേഹമായിരുന്നു. കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 33 വർഷം മദ്രാസിൽ താമസിച്ച ഇദ്ദേഹം 1983 ൽ നാട്ടിലേക്ക് താമസം മാറ്റി.
ഇദ്ദേഹം മലയാളചലച്ചിത്രപരിഷത്തിന്റെ സ്ഥാപക പ്രസിരണ്ട്/ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്/ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിരണ്ട്/സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം പാനൽ അംഗം/ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയ്യാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡിയായും പുസ്തകമായും ഇറങ്ങിയീട്ടുണ്ട്.
1989 ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്രപ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. 1992 ൽ മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. ഇതിനു പുറമെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2014 ഡിസംബർ 30 ആം തിയതി തന്റെ 97 ആം വയസ്സിൽ അർബുദ രോഗത്തെത്തുടർന്ന് അദ്ദേഹം എറണാകുളം പനമ്പള്ളി നഗറിലെ വീട്ടിൽ വെച്ച് അന്തരിച്ചു. എം.കെ. രാധമ്മയാണ് ഭാര്യ/വത്സല ഏക മകളാണ്.
കൗതുകങ്ങൾ, പുരസ്കാരങ്ങൾ, സ്ഥാനമാനങ്ങൾ
- പ്രഥമ ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് - 1992
- ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും 'വി ദേവൻ' എന്ന പേരിൽ കഥയെഴുതിയിരുന്നത് ടി ഇ വാസുദേവനായിരുന്നു.
- 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
- മലയാള ചലച്ചിത്ര പരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
- ടി ഇ വാസുദേവൻ നിർമ്മിച്ച സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), എഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു.
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| വിയർപ്പിന്റെ വില | എം കൃഷ്ണൻ നായർ | 1962 |
| ചിത്രമേള | ടി എസ് മുത്തയ്യ | 1967 |
| ലോട്ടറി ടിക്കറ്റ് | എ ബി രാജ് | 1970 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| അമ്മ | കെ വെമ്പു | 1952 |
| ആശാദീപം | ജി ആർ റാവു | 1953 |
| സ്നേഹസീമ | എസ് എസ് രാജൻ | 1954 |
| നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
| ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 |
| പുതിയ ആകാശം പുതിയ ഭൂമി | എം എസ് മണി | 1962 |
| വിയർപ്പിന്റെ വില | എം കൃഷ്ണൻ നായർ | 1962 |
| സത്യഭാമ | എം എസ് മണി | 1963 |
| ഭർത്താവ് | എം കൃഷ്ണൻ നായർ | 1964 |
| കുട്ടിക്കുപ്പായം | എം കൃഷ്ണൻ നായർ | 1964 |
| കല്യാണ ഫോട്ടോ | ജെ ഡി തോട്ടാൻ | 1965 |
| കാവ്യമേള | എം കൃഷ്ണൻ നായർ | 1965 |
| സ്ഥാനാർത്ഥി സാറാമ്മ | കെ എസ് സേതുമാധവൻ | 1966 |
| പിഞ്ചുഹൃദയം | എം കൃഷ്ണൻ നായർ | 1966 |
| അർച്ചന | കെ എസ് സേതുമാധവൻ | 1966 |
| കൊച്ചിൻ എക്സ്പ്രസ്സ് | എം കൃഷ്ണൻ നായർ | 1967 |
| കോട്ടയം കൊലക്കേസ് | കെ എസ് സേതുമാധവൻ | 1967 |
| ഭാര്യമാർ സൂക്ഷിക്കുക | കെ എസ് സേതുമാധവൻ | 1968 |
| പാടുന്ന പുഴ | എം കൃഷ്ണൻ നായർ | 1968 |
| ഡേയ്ഞ്ചർ ബിസ്ക്കറ്റ് | എ ബി രാജ് | 1969 |