രഘു

Raghu

കെ ജി ജോർജ്ജിന്റെ മേള എന്ന ചിത്രത്തിലെ നായകനായി ആണ് രഘു സിനിമയിൽ അരങ്ങേറിയത്. യഥാർത്ഥ നാമം ശശി, സിനിമയിലെത്തിയപ്പോൾ അത് രഘുവും പിന്നീട് മേള ശ്രദ്ധിക്കപ്പെട്ടതോടെ അത് മേള രഘു എന്നുമായി മാറിയത്. ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രഘു, കെ.എസ്.ആർ.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളിൽ മൂത്തയാൾ ആയിരുന്നു. പഠിക്കാൻ മിടുക്കനല്ലായിരുന്ന രഘുവിനെ, പക്ഷേ പൊക്കമില്ലായ്മ ഉണ്ടാക്കിയ വാത്സല്യത്തിൽ പത്താം തരം വരെ എത്തിച്ചു. പക്ഷേ ആ കടമ്പ കടക്കുവാൻ രഘുവിനായില്ല. സ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനങ്ങൾ നേടിയ രഘുവിന് പിന്നീട് ആശ്രയമായത് കലാരംഗം തന്നെ. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ഭാരത്‌ സർക്കസിൽ ചേരുവാനായി രഘുവിനെ കായംകുളത്തുള്ള ബ്രോക്കറുടെ അടുത്തെത്തിക്കുന്നത്. സർക്കസ് രഘുവിന് നല്ല ജീവിതം സമ്മാനിച്ചില്ലെങ്കിലും, മറ്റു കലാകാരന്മാരുമായുള്ള ജീവിതം രഘുവിനെ സർക്കസിൽ തന്നെ പിടിച്ചു നിർത്തി.

സർക്കസ് മതിയാക്കി തിരിച്ചു വരാൻ അച്ഛൻ നിർബന്ധിച്ചുവെങ്കിലും രഘു സർക്കസിൽ തന്നെ തുടർന്നു. ഒടുവിൽ സർക്കസിലുണ്ടായ ഒരപകടം രഘുവിന്റെ മനം മടുപിച്ചു. പക്ഷേ ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാൽ രഘു തമ്പിൽ തന്നെ തുടർന്നു. അങ്ങനെയിരിക്കെ കോഴിക്കോട്ട് സർക്കസ് കളിക്കുന്ന വേളയിൽ രഘുവിനെ കാണാൻ ഒരു സിനിമാക്കാരൻ വന്നെത്തി. സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് തിരക്കിയ അയാൾ ഒടുവിൽ സർക്കസ് മാനേജരുടെ സമ്മതം വാങ്ങി രഘുവിനെ സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. അത് നടനും സംവിധായകനുമായ ശ്രീനിവാസൻ ആയിരുന്നു. അങ്ങനെ കെ ജി ജോർജ്ജിന്റെ മേളയിൽ രഘു നായകനായി. ശ്യാമളയുമായി രഘുവിന്റെ വിവാഹം ആ കാലത്തായിരുന്നു. പിന്നീട് കുറച്ചു സിനിമകളിൽ അഭിനയിച്ചു. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഈയിടെ ദൃശ്യത്തിലും ഒരു ഇന്ത്യൻ പ്രണയകഥയിലും ചെറിയ വേഷങ്ങളിൽ രഘു അഭിനയിച്ചു.

അവലംബം : മംഗളം വാരികയിൽ വന്ന മേള രഘുവിന്റെ അഭിമുഖം

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മേള ഗോവിന്ദൻ കുട്ടി കെ ജി ജോർജ്ജ് 1980
കരിമ്പിൻ പൂവിനക്കരെ ഐ വി ശശി 1985
അഷ്ടബന്ധം അസ്കർ 1986
അന്തർജ്ജനം ജേക്കബ് ക്വിന്റൻ 1989
മുഖചിത്രം കുട്ടപ്പൻ സുരേഷ് ഉണ്ണിത്താൻ 1991
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് വില്യം ഗോമസ് ഗോൺസാൽവസ് പി ജി വിശ്വംഭരൻ 1991
അത്ഭുതദ്വീപ് വിനയൻ 2005
ബെസ്റ്റ് ആക്റ്റർ മാർട്ടിൻ പ്രക്കാട്ട് 2010
ഒരു ഇന്ത്യൻ പ്രണയകഥ എസ് ടി ഡി ബൂത്തുടമ സത്യൻ അന്തിക്കാട് 2013
ദൃശ്യം ജീത്തു ജോസഫ് 2013
ദൃശ്യം 2 രഘു ജീത്തു ജോസഫ് 2021
Submitted 15 years 4 months ago by rkurian.