ബെന്നറ്റ് - വീത്‌രാഗ്

Benett - Veetrag
സംഗീതം നല്കിയ ഗാനങ്ങൾ: 19
ആലപിച്ച ഗാനങ്ങൾ: 1

പുതുസംഗീത സാ‍ദ്ധ്യതകളാണ് ഇപ്പോൾ സിനിമാ സംഗീതത്തിന്റെ നാൾവഴികൾ. വ്യത്യസ്തതയുടെ പുതിയ ഭാവങ്ങളുമായി അവ നമ്മുടെ ഗൃഹാതുര സങ്കൽ‌പ്പങ്ങളെത്തന്നെ മാറ്റിമറിക്കുന്നു. തങ്ങളിലേക്ക് ആസ്വാദകരെ ആകർഷിച്ചെടുക്കുന്ന കാന്തികതയും നൈർമ്മല്യവുമാണ് അതിന്റെ പ്രത്യേക. പുതിയ അനുഭവങ്ങളിലൂടെ, അനുഭൂതിയിലൂടെ അനുവാചകനെ ആനയിപ്പിക്കാൻ അതിനാകുന്നുവെങ്കിൽ നമുക്ക് തനത് സംഗീതം നഷ്ടമാകുന്നു എന്ന് നിലവിളിക്കുന്നതിലർത്ഥമില്ല.

അങ്ങനെ പരീക്ഷണങ്ങളുമായി നമുക്ക് പ്രതീക്ഷ തരുന്ന ഒരു സൌഹൃദബന്ധമാണ് ബെന്നറ്റ് വീത്‌രാഗിന്റേത്. ബെന്നറ്റ് – വീത്‌രാഗ് എന്ന് കേൾക്കുമ്പോൾ ഒരല്പം കൗതുകം ആർക്കുമുണ്ടാവുക സ്വാഭാവികം. പലരും കരുതിയിരുന്നത് ബെന്നറ്റ് വീത്‌രാഗ് ഒരാളാണെന്നാണ്.എന്നാൽ സംഗീതസംവിധാനരംഗത്ത് ഇതുവരെ തൊട്ടതെല്ലാം പൊന്നാക്കിയ രണ്ട് യുവസംഗീതജ്ഞരാണവർ.ഗാനരചയിതാവും ഗിറ്റാറിസ്റ്റുമാണ് ബെന്നറ്റ്. വെസ്റ്റേൺ ക്ലാസ്സിക്കൽ, ഫ്യൂഷൻ, ഗസലുകൾ എന്നിവയിൽ പ്രാവീണ്യം നേടിയ സംഗീതജ്ഞൻ.വീത്‌രാഗാകട്ടെ കർണ്ണാടകസംഗീതത്തിൽ പരിജ്ഞാനം നേടുകയും പിന്നീട് ഹിന്ദുസ്ഥാനിയുൾപ്പടെ വിവിധ സംഗീതമേഖലകളെ മുറുകെപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തുകയും ചെയ്തു.സംഗീതരംഗത്തിലെ ഈ വൈവിധ്യങ്ങളെ കോർത്തിണക്കിയപ്പോൾ സംഗീതപ്രേമികൾക്ക് ലഭ്യമായത് ഒരു പിടി നല്ല ഗാനങ്ങളാണ്.

വിശ്വനാഥൻ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ "ഔട്ട് ഓഫ് സിലബസ്" എന്ന ചിത്രത്തിനു വേണ്ടിയാണ് ഇവർ ആദ്യമായി സംഗീതമൊരുക്കുന്നത്. അക്കാലത്ത് ഹിറ്റ് ചാർട്ടുകളിൽ മേൽ‌സ്ഥാനം ഉറപ്പാക്കിയ മെലഡികളായിരുന്നു ഔട്ട് ഓഫ് സിലബസിലെ ഗാനങ്ങൾ. ലളിതമായ സംഗീതത്തിൽ രചനയൊരുക്കിയ "പോയ് വരുവാൻ" എന്ന ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കാൻ പ്രഭാവർമ്മയെ സഹായിച്ചിരുന്നു. പിന്നീട് ജോർജ്ജ് കിത്തുവിന്റെ സൂര്യകിരീടം,വിശ്വനാഥന്റെ തന്നെ "ഡോക്ടർ പേഷ്യന്റ്" എന്നീച്ചിത്രങ്ങൾക്കും സംഗീതമൊരുക്കി. ചിത്രങ്ങളിൽ ഗാനരംഗങ്ങൾ പൂർണ്ണമായി ചിത്രീകരിച്ചില്ലെങ്കിലും റേഡിയോ സ്റ്റേഷനുകളിലും മറ്റ് സംഗീത പ്രോഗ്രാമുകളിലുമായി വീണ്ടും ഹിറ്റ് ചാർട്ടിലിടം പിടിക്കുകയായിരുന്നു "ഈറൻ നിലാവേ", ഹരിഹരൻ പാടിയ "മഴഞാനറിഞ്ഞിരുന്നില്ല" എന്നീ ഗാനങ്ങൾ.

കമൽ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങുന്ന ഗദ്ദാമയാണ് ഇവരുടെ നാലാമത്തെ ചിത്രം. ഗദ്ദാമയ്ക്ക് വേണ്ടി തയ്യാറാക്കിയ ദക്ഷിണേന്ത്യൻ രീതിയിലുള്ള "നാട്ടുവഴിയോരത്തെ", അറബിക് മൂഡുള്ള "വിധുരമീ യാത്ര" ചിത്രത്തിലുടനീളം ഒരു തീം മ്യൂസിക് പോലെ വരുന്ന "അറിയുമോ" എന്നീ പാട്ടുകൾ ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനസ്സിലിടം പിടിച്ചിട്ടുണ്ട്.

മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി നിലവിൽ സംഗീതപരിപാടികളും മ്യൂസിക് ബാൻഡുമായിക്കഴിയുകയാണ് ബെന്നറ്റ്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് മാസ്കമ്യൂണിക്കേഷൻ & ജേർണലിസം പഠിച്ച വീത്‌രാഗ് ഗോപി ഇപ്പോൾ ബംഗലുരുവിൽ ടെക്നിക്കൽ റൈറ്ററായി ഐടി രംഗത്ത് ജോലി ചെയ്യുന്നു.സിനിമകൾ ഒരുമിച്ച് ചെയ്യുന്നുവെങ്കിലും സ്വന്തമായി ആൽബങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണവർ. കാർത്തികുമൊത്തുള്ള ഒരാൽബത്തിനു വേണ്ടി ബെന്നറ്റ് വർക്ക് ചെയ്യുമ്പോൾ വീത്‌രാഗ് തന്റെ സ്വന്തം ആൽബത്തിന്റെ തിരക്കിലാണ്. രണ്ടും ഉടൻ തന്നെ പുറത്തിറങ്ങും.ഈ രണ്ടു പേരും ഒത്തു ചേർന്നതിലും ചെറുകൗതുകമുണ്ട്. കോഴിക്കോട് സർവ്വകലാശാലാ യുവജനോത്സവവേദികളിൽ വച്ചാണ് ഇത്തരമൊരു സംഗീതകൂട്ടുകെട്ടുണ്ടാവുന്നതെന്ന് വീത്‌രാഗ് പറയുന്നു. തന്ത്രിവാദ്യ ഇനത്തിൽ മാൻഡലിൻ വായനയുമായി വീത്‌രാഗ് സ്റ്റേജിലെത്തുന്നതിനു തൊട്ടുപിറകേ ഗിറ്റാറുമായി ബെന്നറ്റുമെത്തിയിരുന്നു. അത്തരമൊരു സൗഹൃദമാണ് സംഗീതരംഗത്തെ ഇത്തരമൊരു കൂട്ടായ്മക്ക് നിദാനമായത്. യുവജനോത്സവവേദികൾ ഇങ്ങനെ പരസ്പര ബഹുമാനത്തിന്റെ വേദികളാവുമ്പോൾ ഇത്തരം കൂട്ടുകെട്ടുകളോടെയുള്ള കലാകാരന്മാരെ ഇനിയും നമുക്ക് പ്രതീക്ഷിക്കാം

ആലപിച്ച ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
പോയ് വരുവാൻ(F) ഔട്ട് ഓഫ് സിലബസ് പ്രഭാവർമ്മ മഞ്ജരി 2006
ഈ കൽപ്പടവിൽ ഈ മരത്തണലിൽ ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് ജി വേണുഗോപാൽ 2006
പോയ് വരുവാൻ(M) ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് വീത്‌‌‌രാഗ് 2006
ഈ ജീവിതം ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് വീത്‌‌‌രാഗ് 2006
ഈ കൽപ്പടവിൽ ഈ മരത്തണലിൽ (F) ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് ആശ അജയ് 2006
മായാജാലകത്തിൻ ഔട്ട് ഓഫ് സിലബസ് റഫീക്ക് അഹമ്മദ് വിനീത് ശ്രീനിവാസൻ 2006
പൂവിന്നിതൾച്ചെപ്പിൽ ഔട്ട് ഓഫ് സിലബസ് പ്രഭാവർമ്മ വിധു പ്രതാപ്, ഗായത്രി 2006
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം സൂര്യകിരീടം റഫീക്ക് അഹമ്മദ് ബെന്നറ്റ് - വീത്‌രാഗ്, ചിത്ര അയ്യർ 2007
ഒരു സ്വപ്നച്ചിറകിലേറി സൂര്യകിരീടം റഫീക്ക് അഹമ്മദ് ജ്യോത്സ്ന രാധാകൃഷ്ണൻ , രഞ്ജിനി ജോസ്, സംഗീത ശ്രീകാന്ത്, ശ്രുതി 2007
ആകാശമേഘം ചിറകാക്കി മാറ്റാൻ ഡോക്ടർ പേഷ്യന്റ് ജോഫി തരകൻ കാർത്തിക് 2009
മഴ ഞാൻ അറിഞ്ഞിരുന്നില്ല ഡോക്ടർ പേഷ്യന്റ് റഫീക്ക് അഹമ്മദ് ഹരിഹരൻ 2009
ഈറൻ നിലാവേ ഈ മൗനമെന്തേ ഡോക്ടർ പേഷ്യന്റ് ജോഫി തരകൻ വീത്‌‌‌രാഗ് 2009
വിധുരമീ യാത്ര (D) ഗദ്ദാമ റഫീക്ക് അഹമ്മദ് ശ്രേയ ഘോഷൽ, ഹരിഹരൻ 2011
വിധുരമീ യാത്ര (F) ഗദ്ദാമ റഫീക്ക് അഹമ്മദ് ശ്രേയ ഘോഷൽ 2011
നാട്ടുവഴിയോരത്തെ - M ഗദ്ദാമ റഫീക്ക് അഹമ്മദ് കെ കെ നിഷാദ് 2011
അറിയുമോ പാതയിലേതോ ഗദ്ദാമ റഫീക്ക് അഹമ്മദ് കാർത്തിക് 2011
നാട്ടുവഴിയോരത്തെ (D) ഗദ്ദാമ റഫീക്ക് അഹമ്മദ് വിജയ് യേശുദാസ്, കെ എസ് ചിത്ര ജനസമ്മോദിനി 2011
നാട്ടുവഴിയോരത്തെ (F) ഗദ്ദാമ റഫീക്ക് അഹമ്മദ് കെ എസ് ചിത്ര ജനസമ്മോദിനി 2011
വിധുരമീ യാത്ര (M) ഗദ്ദാമ റഫീക്ക് അഹമ്മദ് ഹരിഹരൻ 2011