Saturday, August 18, 2012
സ്വതന്ത്ര ഇന്റര്‍നെറ്റിലേക്കു്
(തേജസ് പത്രത്തിനുവേണ്ടി രചിച്ചു് 2011 ജൂലൈ 19നു് അയച്ചതു്)
സ്വതന്ത്രമായി ആശയങ്ങള്‍ വിനിമയം ചെയ്യാനുള്ള മാധ്യമമായി ഇന്റര്‍നെറ്റിനെ കാണാറുണ്ടു്. ചര്‍ച്ചാസംഘങ്ങള്‍ (discussion groups), ബ്ലോഗുകള്‍ തുടങ്ങി നിയന്ത്രണങ്ങളില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന സൌകര്യങ്ങള്‍ പണം കൊടുക്കാതെതന്നെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. പത്രമാസികകള്‍, റേഡിയൊ, ടെലിവിഷന്‍ തുടങ്ങിയവയില്‍നിന്നു് വ്യത്യസ്തമായി ഇന്റര്‍നെറ്റിലൂടെ സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു് ആരുടെയും അനുമതി ആവശ്യമില്ല. പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നതിനു പോലും ഇപ്പാള്‍ ഇന്റര്‍നെറ്റില്‍ സൌകര്യമുണ്ടു്. എന്നാല്‍ ഇന്റര്‍നെറ്റ് എന്ന ഈ പ്രതിഭാസം തികച്ചും സ്വതന്ത്രമാണോ? അല്ല എന്നതാണു് സത്യം. ഇന്റര്‍നെറ്റിനു് ആവശ്യമായ വിവരവിനിമയ ഘടകങ്ങള്‍ വലിയ കമ്പനികളാണു് സ്ഥാപിച്ചിരിക്കുന്നതു്. വെബ് സൈറ്റിനുള്ള വിലാസങ്ങള്‍ നല്‍കുന്നതും മറ്റു പല കാര്യങ്ങളും നിയന്ത്രിക്കുന്നതും കമ്പനികളാണു്. കേന്ദ്രീകൃതമായ ഈ സംവിധാനത്തെ സ്വാധീനിക്കാന്‍ സര്‍ക്കാരുകള്‍ക്കു് എളുപ്പത്തിലാവും. അതുകൊണ്ടു് സര്‍ക്കാരുകള്‍ക്കു് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റില്‍ അധികകാലം നിലനില്‍ക്കില്ല. ഉദാഹരണമായി, സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇന്റര്‍നെറ്റ് സേവനദാതാക്കളായ കമ്പനികള്‍ തടയുന്നതു കാരണം ചൈനയിലുള്ളവര്‍ക്കു് അനേകം വെബ് സൈറ്റുകള്‍ കാണാനാവില്ല. വ്യക്തിസ്വാതന്ത്ര്യത്തിനു് അങ്ങേയറ്റത്തെ പ്രാധാന്യം കല്പിക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കന്‍ സര്‍ക്കാര്‍ പോലും ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടു്. തികച്ചും സ്വതന്ത്രമായ ഒരു ആശയവിനിമയ സംവിധാനം ഉണ്ടാകണമെങ്കില്‍ കമ്പനികളുടെയും സര്‍ക്കാരുകളുടെയും നിയന്ത്രണത്തില്‍നിന്നു് വിമുക്തമാകണം എന്നു് ചിലരെങ്കിലും പറഞ്ഞുതുടങ്ങിയിട്ടു് കുറച്ചു കാലമായി. ബദലായി ചില സംവിധാനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഇപ്പോഴിതാ യുദ്ധത്തിന്റെ പിടിയിലകപ്പെട്ട അഫ്ഘാനിസ്ഥാനില്‍ ചിലര്‍ സ്വതന്ത്രമായ ഒരു കമ്പ്യൂട്ടര്‍ ശൃംഘല ഒരുക്കിയിരിക്കുന്നു. അതെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനു മുമ്പു് ഇന്റര്‍നെറ്റ് എങ്ങിനെ ഉണ്ടായി, അതു് എങ്ങനെ നടക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ലോസ് ആഞ്ചലസിലെയും കാലിഫോര്‍ണിയയിലെയും ഓരോ കമ്പ്യൂട്ടറുകള്‍ ബന്ധിപ്പിച്ചുകൊണ്ടു് 1969ലാണു് ഇന്റര്‍നെറ്റിന്റെ തുടക്കം എന്നു പറയാം. അമേരിക്കന്‍ പ്രതിരോധവകുപ്പിനുവേണ്ടിയുള്ള ഗവേഷണങ്ങളുടെ ഭാഗമായിരുന്നു കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പരീക്ഷണം. സര്‍വ്വകലാശാലകള്‍ക്കുള്ള ഒരു ശൃംഘല നിര്‍മ്മിക്കാന്‍ 1985ല്‍ അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന് (National Science Foundation) മുന്‍കൈ എടുത്തു. ഇതിനു മുമ്പുതന്നെ 1983ല്‍ അമേരിക്കയിലെ ആദ്യത്തെ ഇമെയില്‍ സേവനം ആരംഭിച്ചിരുന്നു. എംസിഐ എന്ന കമ്പനിയാണു് ഇതു് തുടങ്ങിയതു്. ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ശൃംഘലയെ ഈ ഇമെയില്‍ സംവിധാനവുമായി ബന്ധിപ്പിക്കാന്‍ 1988ല്‍ അനുമതി ലഭിച്ചു. 1989ല്‍ അതു് നടപ്പിലായി. തുടര്‍ന്നു് മറ്റു് ഇമെയില്‍ സേവനദാതാക്കളുമായും ബന്ധം സ്ഥാപിച്ചു. അക്കാലത്തുതന്നെ കച്ചവടാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കമ്പനികളും നിലവില്‍വന്നു. മറ്റു കമ്പ്യൂട്ടര്‍ ശൃംഘലകളും മേല്പറഞ്ഞ ശൃംഘലയുമായി ബന്ധിപ്പിച്ചു തുടങ്ങി.
1989ല്‍ ടിം ബെര്‍നേഴ്സ് ലീ (Tim Berners Lee) എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന് വികസിപ്പിച്ച വേള്‍ഡ് വൈഡ് വെബ് (world wide web, www) എന്ന സങ്കേതത്തിനു് 1990കളില്‍ നല്ല പ്രചാരം ലഭിച്ചു. ഇതിനു പിന്നില്‍ പരമാണുകേന്ദ്ര ഗവേഷണത്തിനുള്ള യൂറോപ്യന്‍ സ്ഥാപന (European Organization for Nuclear Research, CERN)ത്തിന്റെ വലിയൊരു പങ്കുണ്ടായിരുന്നു. ഇന്നു് ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ സേവനങ്ങളിലും വച്ചു് ഏറ്റവുമധികം ഉപയോഗിക്കുന്നതു് വേള്‍ഡ് വൈഡ് വെബ്ബാണു്. മാത്രമല്ല, ഇന്റര്‍നെറ്റിനു് ഇത്രയധികം ജനപ്രീതി ലഭിക്കാനുള്ള കാരണവും വെബ്സൈറ്റുകള്‍ സാധ്യമാക്കുന്ന ഈ സങ്കേതം തന്നെയാണു്.
ഇനി എങ്ങനെയാണു് ഇന്റര്‍നെറ്റു് നിയന്ത്രിതമാകുന്നതു് എന്നു പരിശോധിക്കാം. ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന ഓരോ കമ്പ്യൂട്ടറിനും ഒരു വിലാസം ആവശ്യമാണു്. ഇതിനു് ഐ.പി. വിലാസം എന്നു പറയുന്നു. ഇതു് നാലു് സംഖ്യകളുടെ ഒരു കൂട്ടമാണു്. ഈ സംഖ്യകള്‍ ഓരോ കുത്തുകൊണ്ടു് വേര്‍തിരിച്ചിരിക്കുന്നു. ഉദാഹരണമായി ഒരു കമ്പ്യൂട്ടറിന്റെ വിലാസം 74.125.236.50 എന്നാകാം. ഈ വിലാസം ലഭിച്ചാല്‍ ആ കമ്പ്യൂട്ടറുമായി ഇന്റര്‍നെറ്റുവഴി മറ്റൊരു കമ്പ്യൂട്ടറിനു് ബന്ധപ്പെടാം. എന്നാല്‍ നമുക്കാവശ്യമുള്ള വിലാസങ്ങള്‍ ഈ രൂപത്തില്‍ ഓര്‍മ്മിച്ചുവയ്ക്കാന്‍ ബുദ്ധിമുട്ടാണല്ലോ. അതു് സൌകര്യപ്പെടുത്താനാണു് വെബ് സൈറ്റുകള്‍ക്കു് പേരുകള്‍ നല്കിയിരിക്കുന്നതു്. പേരുകള്‍ ഓര്‍മ്മിച്ചുവയ്ക്കാന്‍ നമുക്കു് ബുദ്ധിമുട്ടില്ല. ഉദാഹരണമായി \engmal{google.com} എന്നു് ഓര്‍മ്മിച്ചുവയ്ക്കാന്‍ വലിയ പ്രയാസമില്ല. പക്ഷെ ഈ പേരുകള്‍ ഉപയോഗക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കു് പ്രയാസമാണു്. അവയ്ക്കു് സംഖ്യകള്‍ തന്നെയാണു് സൌകര്യം. അതുകൊണ്ടു് പേരുകളില്‍നിന്നു് സംഖ്യാരൂപത്തിലുള്ള വിലാസങ്ങളിലേക്കും മറിച്ചും ``തര്‍ജമ'' ചെയ്യാനുള്ള സംവിധാനം വേണം. ഇതു് ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണു്. അവയുടെ സേവനമുപയോഗിച്ചാണു് വെബ് സൈറ്റുകളുമായി നമ്മുടെ കമ്പ്യൂട്ടര്‍ ബന്ധപ്പെടുന്നതു്.
ഇനി പേരുകള്‍ നല്‍കുന്നതിനും വിലാസങ്ങള്‍ നല്‍കുന്നതിനും എല്ലാം കേന്ദ്രീകൃത സംഘടനകള്‍ ആവശ്യമാണല്ലോ. എങ്കിലല്ലേ ഒരേ പേരിലോ ഒരേ വിലാസത്തിലോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഇല്ല എന്നു് ഉറപ്പു വരുത്താനാകൂ. അതുകൊണ്ടു് വിലാസങ്ങള്‍ നല്കാന് ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പര്‍ അതോറിറ്റി (Internet Assigned Number Authority, IANA) എന്നൊരു സംഘടനയുണ്ടു്. അതുപോലെ പേരുകള്‍ നല്കുന്നതിനു് Internet Corporation for Assigned Names and Numbers, ICANN എന്നൊരു സംഘടനയുമുണ്ടു്. ഇത്രയും നല്ലതുതന്നെ. പക്ഷെ കേന്ദ്രീകൃതമായതിന്റെ പ്രശ്നങ്ങള്‍ ഈ സംഘടനകള്‍ക്കുണ്ടു്. ചില സര്‍ക്കാരുകള്‍ക്കെങ്കിലും ഈ സംഘടനകളെക്കൊണ്ടു് ചില കാര്യങ്ങള്‍ ചെയ്യിക്കാനാകും. ഉദാഹരണമായി ഒരു പ്രബലരാഷ്ട്രത്തിലെ സര്‍ക്കാരിനു് ഒരു നിശ്ചിത വെബ് സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ തങ്ങള്‍ക്കു് ദോഷം ചെയ്യും എന്നു് തോന്നിയാല്‍ ആ സൈറ്റിന്റെ പേരോ വിലാസമോ ഇല്ലാതാക്കാന്‍ കഴിയും.
ഇന്റര്‍നെറ്റ് സേവനദാതാക്കളാണു് ഈ ശൃംഘലയിലെ മറ്റൊരു ബലഹീന കണ്ണി. അതതു് രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍ക്കു് ഈ സേവനദാതാക്കളെ വരുതിക്കു് നിര്‍ത്താന്‍ യാതൊരു പ്രയാസവുമില്ല. അങ്ങനെയാണല്ലോ ചൈനയിലും മറ്റും സാധാരണ ജനങ്ങള്‍ക്കു് പല വെബ് സൈറ്റുകളും ലഭ്യമല്ലാതായതു്. നമ്മള് വികേന്ദ്രീകൃതവും സ്വതന്ത്രവും എന്നെല്ലാം കരുതുന്നെങ്കിലും ഇന്റര്‍നെറ്റും ജനങ്ങളുടെ അധീനതയിലല്ല എന്നതു തന്നെയാണു് സത്യം.
ഈ സാഹചര്യത്തിലാണു് അഫ്ഘാനിസ്ഥാനില്‍ ജനങ്ങളുടേതായ കമ്പ്യൂട്ടര്‍ ശൃംഘല ഉണ്ടാക്കിയിരിക്കുന്നതു്. ഭൂപ്രകൃതികൊണ്ടും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കൊണ്ടും സാധാരണ ഇന്റര്‍നെറ്റ് സംവിധാനം ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യം അവിടെയുണ്ടു് എന്നോര്‍മ്മിക്കണം. ആ സാഹചര്യത്തിലാണു് കടകളില്‍നിന്നു് വാങ്ങാവുന്ന ചില ഇലക്ട്രാണിക് ഘടകങ്ങളും മറ്റു വസ്തുക്കളും ഉപയോഗിച്ചു് ഒരു വയര്‍ലെസ് ശൃംഘല നിര്‍മ്മിക്കാന്‍ ജലാലാബാദിലെ ചിലര്‍ ഇറങ്ങിത്തിരിച്ചതു്. ഇതിനു് താല്പര്യമെടുത്തവരുടെ വ്യക്തിപരമായ സമ്പാദ്യങ്ങളും അമേരിക്കയിലെ ദേശീയ ശാസ്ത്ര ഫൌണ്ടേഷന്റെ ധനസഹായവും ചേര്‍ത്തു് ഇക്കൂട്ടര്‍ ജലാലാബാദ് നഗര നിവാസികള്‍ക്കായി ഒരു കമ്പ്യൂട്ടര്‍ ശൃംഘല നിര്‍മ്മിച്ചുകഴിഞ്ഞു. രാജ്യം മൂഴുവനുമൊ വലിയൊരു പ്രദേശത്തൊ ഉപയോഗിക്കാവുന്ന ശൃംഘലയല്ല ഇതു്. ഈ ശൃംഘലയലെ രണ്ടു കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം ഏതാണ്ടു് ആറു കിലോമീറ്റര്‍ മാത്രമാണു്. പക്ഷെ ജനങ്ങള്‍ തങ്ങള്‍ക്കുവേണ്ടി സര്‍വ്വസാധാരണമായി ലഭിക്കുന്ന ഘടകങ്ങള്‍ ചേര്‍ത്തു് നിര്‍മ്മിച്ചതാണു് എന്ന പ്രത്യേകത ഇതിനുണ്ടു്. മാത്രമല്ല ഇതിന്റെ രൂപകല്പനയും മറ്റും തുറന്നതാണുതാനും. അതുകൊണ്ടു് ഇതു് എല്ലാ അര്‍ത്ഥത്തിലും തികച്ചും സ്വതന്ത്രമാണു്.
അമേരിക്കയിലെ മാസച്ച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വികസിപ്പിച്ചെടുത്ത ഫാബ്ലാബ് (FabLab -- Fabrication Laboratory) എന്ന ആശയത്തില്‍നിന്നാണു് ഇതിന്റെ തുടക്കം. അഫ്ഘാനിസ്ഥാനിലെ ഫാബ്ലാബാണു് ഫാബ്ഫൈ (FabFi) എന്ന ഈ വയര്‍ലെസ് സംവിധാനത്തിനു് രൂപകല്പന നല്കിയതു്. അഫ്ഗാനിസ്ഥാനില്‍ വിജയകരമായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച സംവിധാനം കെനിയയിലും ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയിരിക്കുകയാണു്.
ഇന്റര്‍നെറ്റ് നിഷ്പക്ഷമായിരിക്കണം എന്നൊരു നിയമം നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ ഈയിടെ പാസാക്കി. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ അതിനു് തയാറാകുന്നില്ല. ജനങ്ങള്‍ക്കു് അവരുടേതായ ഒരു ശൃംഘല ഇപ്പോള്‍ നിര്‍മ്മിക്കാമെന്നിരിക്കെ സര്‍ക്കാരുകള്‍ കനിയാനായി എന്തിനു് കാത്തിരിക്കണം എന്നാണു് ചിലര്‍ ചോദിക്കുന്നതു്.
(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് by-sa ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)
സിനിമ ഇന്റര്‍നെറ്റിലൂടെ
സിനിമയും സംഗീതവും മറ്റും ഇന്റര്‍നെറ്റിലൂടെയോ അല്ലാതെയോ പകര്‍ത്തുന്നതു് ഇതൊക്കെ നിര്‍മ്മിക്കുന്നവരെ വല്ലാതെ ബാധിക്കും എന്നും അവരുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്നും ഒക്കെയാണു് നമ്മോടു് സാംസ്ക്കാരിക വ്യവസായികള്‍ പറയുന്നതു്. അതിന്റെ തുടര്‍ച്ചയായാണു് അമേരിക്കയിലാണെങ്കിലും കേരളത്തിലാണെങ്കിലും സംഗീതവും സിനിമയും മറ്റും ഡൌണ്‍ലോഡ് ചെയ്യുന്നതിനും "വ്യാജ" സിഡികള്‍ ഉപയോഗിക്കുന്നതിനും എതിരായി ടെലിവിഷനിലും പത്രങ്ങളിലും സിനിമ സിഡികളില്‍പ്പോലും പരസ്യങ്ങള്‍ വരുന്നതും ഇടയ്ക്കിടയ്ക്കു് പോലീസിന്റെ സഹായത്തോടെ കടകളില്‍ റെയ്ഡുകള്‍ നടത്തുന്നതും. ഇതു് ശരിയല്ല എന്നു് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തകര്‍ കുറച്ചുകാലമായി പറയുന്നുണ്ടു്. തങ്ങളുടെ സംഗീതം ഇന്റര്‍നെറ്റിലൂടെ പരസ്പരം പകര്‍ന്നുകൊടുക്കുന്നതു് തങ്ങള്‍ക്കു് നഷ്ടമുണ്ടാക്കുന്നില്ല എന്നും തങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതിലൂടെ തങ്ങള്‍ക്കു് കൂടുതല്‍ കച്ചേരികള്‍ ലഭിക്കാന്‍ ഉപകരിക്കുകയേയുള്ളൂ എന്നും പാശ്ചാത്യരാജ്യങ്ങളിലെ ചില സംഗിതജ്ഞര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സിനിമകളും സംഗീതവും സിഡികള്‍ വഴിയോ അല്ലാതെയോ കൈമാറുന്നതു് തെറ്റാണു് എന്നുതന്നെയാണു് ഇപ്പോഴും പലരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതു്. അങ്ങനെയിരിക്കെയാണു് ആസ്ട്രേലിയയിലെ ഒരു ചലച്ചിത്ര നിര്‍മ്മാതാവു് തന്റെ പുതിയ ചിത്രം പ്രദര്‍ശനത്തിനു് റിലീസ് ചെയ്യുന്നതിനോടൊപ്പംതന്നെ ഡൌണ്‍ലോഡ് ചെയ്യാനായി ഇന്റര്‍നെറ്റില്‍ ഇടാനും തീരുമാനിച്ചതു്. ഒരു പ്രശസ്ത ബ്രിട്ടിഷ് സംഗീതഗ്രൂപ്പു് തങ്ങളുടെ പുതിയ ആല്‍ബം ഇഷ്ടമുള്ള വില നല്‍കിയോ വില നല്‍കാതെതന്നെയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റിലിട്ടുകൊണ്ടു് പുറത്തിറക്കിയിട്ടു് അധികകാലമായിട്ടില്ല. ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍ വിതരണം ചെയ്യുന്ന പുതിയ രീതിയുടെ തുടക്കമാകാം ഇതു്.
ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതു് വളരെയധികം ചെലവുള്ള കാര്യമാണു്. അതിനായി ചെലവുചെയ്ത പണവും കുറച്ചെങ്കിലും ലാഭവും തിരികെ കിട്ടുക എന്നതു് പണം മുടക്കുന്നവരുടെ ന്യായമായ ആഗ്രഹമാണു്. അങ്ങനെ പണം മുടക്കി നിര്‍മ്മിക്കുന്ന ചലച്ചിത്രം വെറുതെ കാണണം എന്നു പറയുന്നതു് അന്യായമല്ലേ എന്നു ചന്തിക്കുന്നതു് സ്വാഭാവികം മാത്രമാണു്. എന്നാല്‍ പലപ്പോഴും നമ്മള് വിസ്മരിക്കുന്ന ചില സത്യങ്ങളുണ്ടു്. വെറുതെ കാണണം എന്നു് ആഗ്രഹമുള്ളതുകൊണ്ടല്ല പലരും കമ്പ്യൂട്ടറിലോ ടെലിവിഷനുമായി ഘടിപ്പിച്ചിരിക്കുന്ന പ്ലെയറിലോ സിഡിയിട്ടു് ചലച്ചിത്രം കാണാന്‍ താല്പര്യപ്പെടുന്നതു്. നല്ല സിനിമ ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ ഇരുന്നു് കാണുക തന്നെ വേണം എന്നു് ആസ്വാദകര്‍ സമ്മതിക്കും. അതുകൊണ്ടു് തിയേറ്ററില്‍ പോയി ടിക്കറ്റെടുത്തു് കാണാനുള്ള അസൌകര്യമൊ അതിനുണ്ടാകുന്ന ചെലവൊ ഒക്കെയാണു് സിഡി എടുത്തു് കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതുകൊണ്ടു് സിഡിയിട്ടു് സിനിമ കാണുന്നവര്‍ പലരും തിയേറ്ററില്‍ പോയി കാണാന്‍ ഇടയില്ലാത്തവരായിരിക്കാനാണു് സാദ്ധ്യത.
മാത്രമല്ല, പുതിയ സാങ്കേതികവിദ്യകള്‍ ഉണ്ടായിവരുന്നതു് ഇത്തരം സാംസ്ക്കാരിക സൃഷ്ടികള്‍ കൂടുതല്‍ ആള്‍ക്കാരുടെ അടുത്തെത്തിക്കാനും കൂടുതല്‍ സൌകര്യത്തോടെ ആസ്വദിക്കാനും ഉള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നു എന്നതു് നാം ഓര്‍ക്കേണ്ടതുണ്ടു്. സാങ്കേതികവിദ്യ മാറുന്നതനുസരിച്ചു് നമ്മള് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ രീതി മാറുന്നുണ്ടു്, മാറണം, എന്ന കാര്യം വിസ്മരിച്ചുകൂട. ഉദാഹരണമായി, ബോര്‍ഡുകളും ബാനറുകളും മറ്റും ബ്രഷും പെയിന്റുമുപയോഗിച്ചു് കൈകൊണ്ടു് എഴുതിയിരുന്ന കാലം വളരെയൊന്നും പണ്ടല്ല. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ വന്നതോടെ ആ തൊഴില്‍ ചെയ്തിരുന്നവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമായി. അതുപോലെ തന്നെയായി അച്ചുകള്‍ നിരത്തി കമ്പോസിംഗ് ചെയ്തിരുന്നവരുടെയും ഗതിയും. അതുകൊണ്ടു് പുതിയ സാങ്കേതികവിദ്യകള്‍ ഉണ്ടാവണ്ട എന്നു് ആരും പറയാറില്ല. വീട്ടിലിരുന്നു് കമ്പ്യൂട്ടറിലോ ടിവിയിലോ സിനിമ കാണാനുള്ള സൌകര്യമാണു് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതു്. എന്നാല്‍ നല്ല സിനിമ കാണാന്‍ ഇന്നും ചലച്ചിത്രാസ്വാദകര്‍ തിയേറ്ററുകളില്‍ തന്നെ പോകും. അതുകൊണ്ടാണല്ലോ കമ്പ്യൂട്ടറും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പേ എത്തിയ പാശ്ചാത്യ നാടുകളില്‍പ്പോലും ഇപ്പോഴും സിനിമ വ്യവസായം നിലനില്ക്കുന്നതു്.
ആളുകള്‍ ഇന്റര്‍നെറ്റിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ സിനിമ കൈമാറുന്നതു് വ്യവസായത്തിനു് വലിയ നഷ്ടമുണ്ടാക്കുന്നു എന്നു് അമേരിക്കയിലെ ചലച്ചിത്ര വ്യവസായികളും പരാതിപ്പെടുന്നുണ്ടു്. എന്നാല്‍ അതു് കൂടുതല്‍പേരെ തിയേറ്ററുകളിലേക്കു് കൊണ്ടുവരാന്‍ സഹായിക്കുന്നുണ്ടു് എന്നും ഒരഭിപ്രായമുണ്ടു്. ഉദാഹരണമായി, 2004ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്ക്കൂളിലെ ഫെലിക്സ് ഓബര്‍ഹോള്‍സര്‍-ഗീയും (Felix Oberholzer-Gee) ഉത്തരകരോളിന സര്‍വ്വകലാശാലയിലെ കോള്മാന് സ്ട്രംപ്ഫും (Koleman Strump) നടത്തിയ ഒരു പഠനത്തില്‍ കണ്ടതു് സംഗീതം ഇന്റര്‍നെറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യുന്നതു് സംഗീത സിഡികളുടെ വില്പനയില് കുറവുവരുത്താന്‍ കാരണമായിട്ടില്ല എന്നാണു്. 2006ല്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമായി മൈക്കല്‍ സ്മിത്തും രാഹുല്‍ തലാങ്ങും കണ്ടെത്തിയതു് ഇന്റര്‍നെറ്റ് സൌകര്യം വികസിച്ചതനുസരിച്ചു് സിനിമ ഡിവിഡികളുടെ വില്പന വര്‍ദ്ധിക്കുകയാണു് കുറയുകയല്ല ചെയ്തിട്ടുള്ളതു് എന്നാണു്. 2000-03 കാലഘട്ടത്തിലെ ഡിവിഡി വില്പനയുടെ വിവരങ്ങളാണു് അവര്‍ ഈ പഠനത്തിനായി ഉപയോഗിച്ചതു്. സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ പേരുടെ അടുത്തെത്തിക്കാനാണു് ഇന്റര്‍നെറ്റ് സഹായിച്ചതു് എന്നാണിതു് സൂചിപ്പിക്കുന്നതു്. കൂടുതല്‍ ഗാനമേളകളും അങ്ങനെ കൂടുതല്‍ വരുമാനവും ലഭിക്കാന്‍ നല്ലതു് സ്വതന്ത്രമായി സംഗീതം ഡൌണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതാണു് എന്നു് ജാനിസ് അയന് (Janis Ian) എന്ന ഗ്രാമ്മി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ പാട്ടുകാരി ഇന്റര്‍നെറ്റില്‍ എഴുതിയിരിക്കുന്നു (http://news.cnet.com/2010-1071-944488.html). ഇതെല്ലാം സൂചിപ്പിക്കുന്നതു് സംഗീതവും ചലച്ചിത്രവും മറ്റും ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതും ``വ്യാജ'' സിഡിയും ഒന്നും ഈ വ്യവസായങ്ങള്‍ക്കു് വലിയ ദോഷം ചെയ്യുന്നില്ല എന്നല്ലേ?
ഇവിടെ റേഡിയോഹെഡ് (Radio Head) എന്ന ബ്രീട്ടീഷ് സംഗീത ഗ്രൂപ്പിന്റെ കഥ വളരെ പ്രസക്തമാണു്. ഇന്നുള്ള ഏറ്റവും ജനപ്രിയ ഗ്രൂപ്പുകളില്‍ ഒന്നാണവര്‍. 1985ല്‍ രൂപമെടുത്ത ഈ ഗ്രൂപ്പിന്റെ ആദ്യത്തെ ആറു് ആല്‍ബങ്ങളുടെ രണ്ടര കോടി കോപ്പികള്‍ 2007 ആയപ്പോഴേക്കു് വിറ്റുകഴിഞ്ഞിരുന്നു. റെക്കാര്‍ഡിങ്ങ് കമ്പനികളുമായുണ്ടായിരുന്ന കരാറുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ അവര്‍ തങ്ങളുടെ ഏഴാമത്തെ ആല്‍ബം ഇന്റര്‍നെറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടു. അതിന്റെ വിലയായി അവര്‍ കൊടുത്തിരുന്നതു് ``നിങ്ങള്‍ക്കിഷ്ടമുള്ള തുക'' എന്നായിരുന്നു. ഒരു പൈസയും കൊടുക്കാതെ വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാമായിരുന്നു. അതില്‍നിന്നു് അവര്‍ക്കു് ധാരാളം പണം ലഭിച്ചു. എന്നിട്ടും ഏതാനും മാസങ്ങള്‍ കഴിഞ്ഞു് അവര്‍ ഇതേ ആല്‍ബം സിഡിയായി പുറത്തിറക്കിയപ്പോള്‍ വില്പനയുടെ കാര്യത്തില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും അതു് ഏറ്റവും മുന്നിലെത്തി! ഇന്റര്‍നെറ്റുവഴി ലഭ്യമാക്കിയതുകൊണ്ടു് സിഡിയുടെ വില്പന കുറയില്ല എന്നതിനു് ഇനിയെന്തു തെളിവു് വേണം?
ഈ സാഹചര്യത്തിലാണു് ദി ടണല്‍ (The Tunnel) എന്ന ആസ്ട്രേലിയന്‍ ചിത്രം മെയ് 18നു് റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഒരു അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്നു് ബിറ്റ് ടോറന്റ് എന്ന സോഫ്റ്റ്വെയറുപയോഗിച്ചു് ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയതു്. ഇതു് ചിത്രത്തിനു് നല്ല പ്രചാരം നല്കാന് സഹായിക്കും എന്ന വിശ്വാസത്തിലാണു് അവര്‍ ഇങ്ങനെ ചെയ്തതു്. ചിത്രം ഇപ്പോള്‍ അവരുടെ http://www.thetunnelmovie.net/ എന്ന വെബ് സൈറ്റില്‍നിന്നു് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണു്. ചെലവുകുറച്ചു് നിര്‍മ്മിച്ച ഈ ചിത്രത്തിനു വേണ്ടി ഇന്റര്‍നെറ്റുവഴി തന്നെയാണു് അവര്‍ പണം സ്വരൂപിച്ചതു് എന്നു് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. ഇതിന്റെ സിഡി വിറ്റും തിയേറ്ററുകളില്‍ ഓടിയും ലഭിക്കുന്ന പണമുപയോഗിച്ചു് ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിയടുത്തവര്‍ക്കു് പ്രതിഫലം നല്‍കും എന്നാണു് അവര്‍ അവകാശപ്പെടുന്നതു്. ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യത്തക്ക വിധം ഇന്റര്‍നെറ്റില്‍ ചിത്രം ലഭ്യമാക്കാനായിട്ടാണു് ഇങ്ങനെയെല്ലാം ചെയ്തതു്. ലഭിക്കുന്ന പണം മിച്ചം വന്നാല്‍ അതു് അടുത്ത ചിത്രത്തിന്റെ പണികള്‍ക്കായി മാറ്റി വയ്ക്കും എന്നവര്‍ പറയുന്നു.
സിനിമ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു പുതിയ രീതി തന്നെയാണു് ഇവിടെ നാം കാണുന്നതു്. വലിയ സംഖ്യകള്‍ ഈടാക്കുന്ന താരങ്ങളെ ഒഴിവാക്കിയും മറ്റു രീതികളില്‍ ചെലവു കുറച്ചും ചിത്രങ്ങള്‍ നിര്‍മ്മിക്കാനാവും. ചലച്ചിത്ര ആസ്വാദകരെ കള്ളന്മാരായി മുദ്ര കുത്താതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമകള്‍ വിതരണം ചെയ്യാനുമാവും. സ്വതന്ത്രമായി ഡൌണ്‍ലോഡ് ചെയ്യാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശത്തോടെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പതിനഞ്ചോളം ചിത്രങ്ങളുടെ പേരുകള്‍ വിക്കിപ്പീഡിയയില്‍ കാണാം. ഇതേ ഉദ്ദേശ്യത്തോടെ കേരളത്തില്‍ തുടങ്ങിയിട്ടുള്ള പ്രോജക്ടാണു് ചാമ്പ എന്ന പേരില്‍ അറിയപ്പെടുന്നതു്. സാംസ്ക്കാരിക ഉത്പന്നങ്ങളുടെ സൃഷ്ടിയിലും വിതരണത്തിലും പുതിയൊരു രീതി വന്നു തുടങ്ങുകയാണു് എന്ന കാര്യത്തില്‍ സംശയമില്ല. അധികകാലം കഴിയുന്നതിനുമുമ്പു് ഈ മാറ്റം ഇന്ത്യയിലും കേരളത്തിലും എത്തുമെന്നതിനും സംശയമില്ല.

Subscribe to:
Posts (Atom)