skip to main | skip to sidebar

Tuesday, June 15, 2010

മലയാള മനോരമയുടെ കസര്‍ത്തു്

ഇന്നു്, അതായതു് 2010 ജൂണ്‍ 15നു്, മനോരമയുടെ ടെലിവിഷന്‍ ചാനലില്‍ ഒരു വാര്‍ത്ത വന്നതായി എനിക്കു് ഈമെയ്ല്‍ ലഭിച്ചു. ഒരു സുഹൃത്തു് ഫോണ്‍ വിളിച്ചു് പറയുകയും ചെയ്തു. വാര്‍ത്ത ഇതാണു്: സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമെ പാടുള്ളൂ എന്നു് സര്‍ക്കാര്‍ വാശി പിടിക്കുന്നതു കാരണം സംസ്ഥാനത്തിനു് 214 കോടി രൂപയുടെ ധനസഹായം നഷ്ടപ്പെടാന്‍ പോകുന്നു. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിനുവേണ്ടി ബില്ലിങ്ങിനും മറ്റും ആവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുകയാണത്രെ ഇതു്. അതുടനെ ചെലവാക്കിയില്ല എങ്കില്‍ സംസ്ഥാനത്തിനു് ആ തുക നഷ്ടപ്പെടുമത്രെ. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് അത്തരം സോഫ്റ്റ്‌വെയറൊന്നും നിര്‍മ്മിക്കാനാവില്ല. (ഇതു് ആരുടെ അഭിപ്രായമാണെന്നു് വ്യക്തമല്ല. മനോരമ ന്യൂസിന്റെ വെബ് സൈറ്റില്‍ ഉള്ള വാര്‍ത്ത വായിച്ചാല്‍ ഇതു് മനോരമയുടെ അഭിപ്രായമാണെന്നേ തോന്നൂ.) ഈ പണം നഷ്ടപ്പെടാന്‍ പോകുന്നു എന്ന വാര്‍ത്ത എവിടെനിന്നു കിട്ടി എന്നുള്ളതും വ്യക്തമല്ല.

ഒരര്‍ത്ഥത്തില്‍ ഈ വാര്‍ത്ത വലിയ ദോഷം ചെയ്യുന്ന ഒന്നല്ല. കാരണം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കു് അതിലടങ്ങിയിരിക്കുന്ന മറ്റുതാല്പര്യങ്ങള്‍ കാണാന്‍ കഴിഞ്ഞു എന്നു വരാം. പണം നഷ്ടപ്പെടാന്‍ പോകുന്നു എന്നു് പറഞ്ഞതു് ആരാണു് എന്നു് അവര്‍ വ്യക്തമാക്കിയിട്ടില്ല. പണം തരുന്നതു് കേന്ദ്രസര്‍ക്കാര്‍ ആയതുകൊണ്ടു് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളൊന്നും പാലിക്കേണ്ടതില്ല എന്നു് അര്‍ത്ഥം വരുന്നില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് ഇങ്ങനത്തെ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കാനാവില്ല എന്നു് ഒരു വിദഗ്ദ്ധന്റെയും വാക്കുകള്‍ ഉദ്ധരിച്ചു് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. അതു് ലേഖകന്റെ അഭിപ്രായമായാണു് മനോരമയുടെ സൈറ്റില്‍ കാണുന്നതു്. ലേഖകന്‍ സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധനാണെന്ന സൂചന പോലുമില്ല. മാത്രമല്ല, ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ കമ്പനിക്കു് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള പണി നല്‍കി എന്നൊരു വിചിത്രമായ ആരോപണവും ഉന്നയിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നില്‍ മറ്റെന്തോ ഉണ്ടായിരിക്കണമെന്നു തോന്നിക്കാന്‍ ഇനിയൊന്നും വേണ്ടല്ലോ.

ഒരു കുട്ടിക്കു് ഒരു ലാപ്‌ടോപ്പ് (One Laptop Per Child, OLPC) എന്ന സംരംഭത്തിനുവേണ്ടി തയാറാക്കിയ XO എന്ന ലാപ്‌ടോപ്പ് മുതല്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വരെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നു ലിനക്സ് ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു് ഏറ്റവും പ്രിയംകരമായ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ സെര്‍വ്വറുകളില്‍ ഉപയോഗിക്കുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഗ്നു ലിനക്സാണു്. രണ്ടാം സ്ഥാനത്തു് നില്‍ക്കുന്നു എന്നു പറയാവുന്ന യാഹുവിന്റെ സെര്‍വ്വറുകളെല്ലാം മറ്റൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറായ Free BSDയിലാണു് പ്രവര്‍ത്തിക്കുന്നതു്. നമ്മുടെ LICയുടെ കമ്പ്യൂട്ടര്‍ ശൃംഘല പ്രവര്‍ത്തിക്കുന്നതു് ഗ്നു ലിനക്സിലാണു്. അതുപോലെ തന്നെ ജര്‍മ്മനിയിലെ മ്യൂണിക്ക് നഗരസഭയുടെ കമ്പ്യൂട്ടറുകളും. പിന്നെയാണോ വൈദ്യുത ബോര്‍ഡിന്റെ ബില്ലിംഗ് നടത്താനുള്ള സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് സാധ്യമല്ലാതെ വരുന്നതു്!

ഇത്രയേറെ പ്രചാരവും പഴക്കവുമുള്ള ഒരു പത്രം ഇത്രയും തരം താഴുന്നതു് കഷ്ടമാണു്. അവര്‍ക്കു് അതില്‍നിന്നു് എന്തു നേട്ടമാണോ ഉണ്ടാകുമെന്നു് പ്രതീക്ഷിക്കുന്നതു്, ഇത്ര മോശമായ പത്രപ്രവര്‍ത്തനത്തിലൂടെ അതിനേക്കാള്‍ കൂടുതല്‍ നഷ്ടമേ അവര്‍ക്കു് ഉണ്ടാകാനിടയുള്ളൂ. കയ്യില്‍ കിട്ടുന്നതെന്തും ഉപയോഗിച്ചു് സര്‍ക്കാരിനെ അടിക്കാന്‍ ശ്രമിക്കുന്നതു് മനസിലാക്കാം, അംഗീകരിക്കാനാവില്ലെങ്കിലും. പക്ഷെ വടിയല്ല ചാണകമാണു് കയ്യില്‍ കിട്ടിയതു് എന്നു് മനസിലാക്കിയില്ലെങ്കില്‍ സ്വന്തം ശരീരമെ വൃത്തികേടാകൂ. സര്‍ സി.പി. രാമസ്വാമി അയ്യരെ എതിര്‍ത്തു് ജയിലില്‍ പോയ ചരിത്രമുള്ള മലയാള മനോരമ ഇങ്ങനെ അധഃപതിക്കുന്നതു് കാണുമ്പോള്‍ ദുഃഖമേ വരൂ.
Subscribe to: Posts (Atom)
 

AltStyle によって変換されたページ (->オリジナル) /