യേശുദാസൻ

Yesudasan
Date of Death:
Wednesday, 6 October, 2021
യേശുദാസൻ (കാർട്ടൂണിസ്റ്റ്)
സംഭാഷണം: 2
തിരക്കഥ: 1

ജോൺ മത്തായിയുടെയും മറിയാമ്മയുടെയും മകനായി ആലപ്പുഴ മാവേലിക്കര ഭരണിക്കാവിലാണ് ചാക്കേലാത്ത് ജോൺ യേശുദാസൻ എന്ന സി ജെ യേശുദാസൻ ജനിച്ചത്. ചെറുപ്പം മുതൽ ചിത്രങ്ങൾ വരക്കുമായിരുന്ന അദ്ദേഹം ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. 1963 -ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്ന യേശുദാസൻ, അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരക്കുകയുണ്ടായി.

തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതല ഏറ്റെടുത്തു. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകളാണ് യേശുദാസനെ ജനപ്രിയ കാർട്ടൂണിസ്റ്റാക്കി മാറ്റിയത്. മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ് കാർട്ടൂൺ' എന്നവകാശപ്പെടാവുന്ന കാർട്ടൂണായിരുന്നു കിട്ടുമ്മാവൻ. ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ 'അസാധു' എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ 'കട്ട്-കട്ട്', 'ടക്-ടക്' എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി.

പിന്നിട് പ്രസിദ്ധീകരണ രംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985 -ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു.വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്,' 'ജൂബാ ചേട്ടൻ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റും കൂടിയാണ്. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ഹാസ്യ സിനിമയായ കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം എന്ന സിനിമയ്ക്ക് സംഭാഷണം രചിച്ച യേശുദാസൻ 1992 -ൽ എ ടി അബു സംവിധാനം ചെയ്ത എന്റെ പൊന്നുതമ്പുരാൻ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്.

2001 ഒക്റ്റോബറിൽ യേശുദാസൻ അന്തരിച്ചു.

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
എന്റെ പൊന്നുതമ്പുരാൻ എ ടി അബു 1992

സംഭാഷണം എഴുതിയ സിനിമകൾ

Submitted 15 years 4 months ago by rkurian.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/3140107469381149/