ശ്രുതി സുരേഷ്

Sruthi Suresh

സുരേഷ് തിരുവല്ല - അനിതാ സുരേഷ് ദമ്പതിയുടെ മകൾ ആണ് ശ്രുതി സുരേഷ്. സിനിമാ - സീരിയൽ നടൻ കൂടിയാണുണ്ട് തിരുവല്ല. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കുതിരവട്ടം പപ്പുവിനെയും ശോഭനയെയും കാത്തിരുന്ന് സ്വീകരിക്കുന്ന നാടക ഭാരവാഹികളിൽ ഒരാൾ "ആറ് മണിയായി...തുടങ്ങാം" എന്ന് പറയുന്നുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരേഷ് തിരുവല്ല ആണ്. കന്മദം സിനിമയിൽ മോഹൻലാലിനൊപ്പം പാറമട തൊഴിലാളിയായും വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ജയറാമിന്റെ സുഹൃത്ത് ആയും വേഷമിട്ട ഇദ്ദേഹം നിരവധി ടിവി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുപ്പിവള, ഓർമ്മ, നാളെക്കായ് എന്നീ മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

യു കെ ജി വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ ശ്രുതി സുരേഷ് ക്യാമറയ്ക്ക് മുമ്പിൽ മുഖം കാണിച്ചിരുന്നു. നാട്ടുകാരൻ കൂടിയായ സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിൽ ആണ് അച്ഛൻ സുരേഷ് തിരുവല്ലയ്ക്കൊപ്പം അഭിനയിച്ചത്. പിന്നീട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത് ലെന, സുരേഷ് കൃഷ്ണ തുടങ്ങിയവർ അഭിനയിച്ച തുലാഭാരം എന്ന സൂര്യ ടിവി സീരിയലിൽ മാളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തിരുവല്ല സെന്റ് തോമസ് റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലും തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിലും കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലും ആയി പഠനം പൂർത്തിയാക്കിയ ശ്രുതി പഠന കാലത്ത് ഡാൻസ്, മൈം, നാടകം തുടങ്ങി വിവിധ ഇനങ്ങളിൽ മികവ് പ്രകടിപ്പിച്ചിരുന്നു. സൗത്ത് സോൺ, നാഷണൽ ലെവൽ യൂത്ത് ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നവ്യാ നായരുടെ ഡാൻസ് ട്രൂപ്പിലെ അംഗവും ആയിരുന്നു ശ്രുതി. ഇതിനെല്ലാം പുറമേ എം എൽ കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്ക് ഹോൾഡറും ആണ് ശ്രുതി സുരേഷ്.

അച്ഛൻ സുരേഷ് തിരുവല്ല തന്നെ സംവിധാനം ചെയ്ത "കുപ്പിവള" എന്ന സിനിമയിൽ നായികാ വേഷം ചെയ്ത ശ്രുതി സുരേഷ് "ജൂൺ" സിനിമയിലെ ലക്ഷ്മി നായർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയെങ്കിലും കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയത് കരിക്കിന്റെ "പ്ലസ് ടൂ", "റോക്ക് പേപ്പർ സിസ്സേഴ്സ്" എന്നീ സീരീസുകളിലൂടെയാണ്. കല്യാണ കച്ചേരി എന്ന വെബ് സീരീസിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, പാൽതൂ ജാൻവർ, സുന്ദരി ഗാർഡൻസ് തുടങ്ങി മോഹിനിയാട്ടം വരെ നിരവധി ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശ്രുതിയുടെ സഹോദരൻ സൂരജ് കുമാറും അഭിനേതാവ് ആണ്. ക്വീൻ സിനിമയിൽ വർക്കിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജ് ആണ്. ഓർമ്മ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുമുണ്ട്.

ശ്രുതി സുരേഷിൻ്റെ ഭർത്താവ് പാൽതു ജാൻവറിന്റെ സംവിധായകൻ ആയ സംഗീത് പി രാജനാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മോഹിനിയാട്ടം കൃഷ്ണദാസ് മുരളി
കുപ്പിവള ജെനി സുരേഷ് പിള്ള 2017
ഫ്രീഡം ഫൈറ്റ് പൂജ - ഗീതു അൺചെയിൻഡ് കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് 2022
അന്താക്ഷരി സുജാത പി സി വിപിൻ ദാസ് 2022
സുന്ദരി ഗാർഡൻസ് അലീന ചാർലി ഡേവിസ് മാത്യൂസ് 2022
അർച്ചന 31 നോട്ട്ഔട്ട് അഖിൽ അനിൽകുമാർ 2022
പാൽതു ജാൻവർ സ്റ്റെഫി സംഗീത് പി രാജൻ 2022
ആർ ഡി എക്സ് ശ്രുതി നഹാസ് ഹിദായത്ത് 2023
സോമന്റെ കൃതാവ് മിനി രോഹിത് നാരായണൻ 2023
ഭരതനാട്യം ശ്രീലത കൃഷ്ണദാസ് മുരളി 2024
സ്താനാർത്തി ശ്രീക്കുട്ടൻ വിനേഷ് വിശ്വനാഥ് 2024
ഹലോ മമ്മി ടിൻസി വൈശാഖ് എലൻസ് 2024