സേതുമാധവൻ

Sethumadhavan / Sethu
Date of Birth:
Friday, 5 June, 1942
സേതു
എ സേതുമാധവൻ
കഥ: 4
സംഭാഷണം: 2
തിരക്കഥ: 2

എറണാകുളം ജില്ലയിലെ ചേന്ദമംഗലം സ്വദേശിയാണ് സേതുമാധവൻ. ചേന്ദമംഗലത്തെ പാലിയം ഹൈസ്കൂളിൽ നിന്ന് സ്കൂൾ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി.

1962 -ൽ ബോംബെയിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ചേരുന്നതിന് മുമ്പ് ഉത്തരേന്ത്യയിലെ ചില കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി ചെയ്ത സേതു 1964 -ൽ തിരുവനന്തപുരം തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്റെ കാലാവസ്ഥാ വിഭാഗത്തിൽ ജോലിക്ക് ചേർന്നു. തുടർന്ന് പുണെയിൽ പുതുതായി സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ നിയമിതനായ അദ്ദേഹം ന്യൂഡൽഹിയിലെ റെയിൽ‌വേ ബോർഡിലും ജോലി ചെയ്തു. പിന്നീട് 1968 -ൽ ബാങ്കിങ്ങ് മേഘയിലേക്ക് മാറുകയുണ്ടായി. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ പ്രൊബേഷണറി ഓഫീസറായി ചേർന്ന അദ്ദേഹം ഈ ഗ്രൂപ്പിൽ നിരവധി സുപ്രധാന പദവികൾ വഹിച്ച ശേഷം കോർപ്പറേഷൻ ബാങ്കിൽ ജനറൽ മാനേജരായി തുടർന്ന് 1999 -ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി 2005 -ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു.

നോവൽ, കഥ വിഭാഗങ്ങളിൽ മുപ്പത്തിയഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള എ.സേതുമാധവൻ, സേതു എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. സേതുവിന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതികളാണ് പാണ്ഡവപുരം, അടയാളങ്ങൾ എന്നിവ. കൂടാതെ മറുപിറവി, ഞങ്ങൾ അടിമകൾ, കിരാതം, താളിയോല, പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത് എഴുതിയ നവഗ്രഹങ്ങളുടെ തടവറ, വനവാസം, വിളയാട്ടം, ഏഴാം പക്കം, കൈമുദ്രകൾ, കൈയൊപ്പും കൈവഴികളും, നിയോഗം, അറിയാത്ത വഴികൾ, ആലിയ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു, പ്രഹേളികാകാണ്ഡം, മലയാളത്തിൻെറ സുവർണകഥകൾ എന്നിവ പ്രധാന കഥകളാണ്.

സേതുവിന്റെ പാണ്ഡവപുരം സേതു തന്നെ തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് ജി എസ് പണിക്കരുടെ സംവിധാനത്തിൽ 1986 -ൽ സിനിമയായി ഇറങ്ങിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അടയാളങ്ങളും മറ്റൊരു കഥയായ ജലസമാധിയും ഒരുമിച്ച് സേതുവിന്റെ തന്നെ തിരക്കഥയിൽ വേണു നായർ സംവിധാനം ചെയ്ത് ജലസമാധി എന്ന പേരിൽ ചലച്ചിത്രമായി. സേതുവിന്റെ "ഞങ്ങൾ അടിമകൾ " വി ആർ ഗോപിനാഥിന്റെ സംവിധാനത്തിൽ പൂത്തിരുവാതിര രാവിൽ എന്ന ചലച്ചിത്രമായി. 1998 -ലെ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവലിനുള്ള പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവ സേതുവിന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങളിൽ ചിലതാണ്.

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ജലസമാധി വേണു നായർ 2020
പാണ്ഡവപുരം ജി എസ് പണിക്കർ 1986

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ജലസമാധി വേണു നായർ 2020
പാണ്ഡവപുരം ജി എസ് പണിക്കർ 1986
Submitted 11 years 6 months ago by Neeli.