മീര വാസുദേവ്
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1982 ജനുവരി 29 -ന് വാസുദേവൻ, ഹേമലത എന്നിവരുടെ മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്. സൈക്കോളജി ആൻഡ് ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദപഠനത്തിനുശേഷം മീര മോഡലിംഗിൽ തന്റെ കരിയറിന് തുടക്കമിട്ടു. നിരവധി പരസ്യ ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
മീര വാസുദേവ് 2003 ലാണ് സിനിമാഭിനയത്തിന് തുടക്കമിടുന്നത്. പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന ഹിന്ദി ചിത്രത്തിൽ നായികയായിക്കൊണ്ടാണ് മീര വാസുദേവ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആ വർഷം തന്നെ ഉന്നൈ സരണടയിൻന്തേൻ എന്ന തമിഴ് ചിത്രത്തിലും ഗോൽമാൽ എന്ന തെലുങ്കു ചിത്രത്തിലും നായികയായി അഭിനയിച്ചു. ഉന്നൈ സരണടയിൻന്തേൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് ഗവണ്മെന്റിന്റെ സ്പെഷൽ ജൂറി അവാർഡ് മീര വാസുദേവിന് ലഭിച്ചു. 2005- ൽ തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായാണ് മീര മലയാളത്തിലെത്തുന്നത്. തന്മാത്രയിലെ മീരയുടെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയിരുന്നു. തുടർന്ന് ഓർക്കുക വല്ലപ്പോഴും, ഗുൽമോഹർ, 916 എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ്,തെലുങ്ക് ചിത്രങ്ങളിലും മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്.
2005 ൽ പ്രശസ്ത ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ മീര തന്റെ ജീവിതപങ്കാളിയാക്കി.എന്നാൽ 2010 ൽ അവർ വിവാഹ മോചിതരായി.പിന്നീട് 2012 ൽ മീര മലയാള സിനിമാ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട് അരിഹ് ജോൺ. 2016 ൽ മീരയും ജോണും തമ്മിൽ വേർപിരിഞ്ഞു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| തന്മാത്ര | ലേഖ | ബ്ലെസ്സി | 2005 |
| ഒരുവൻ | വിനു ആനന്ദ് | 2006 | |
| ഏകാന്തം | ഡോക്റ്റർ സോഫി | മധു കൈതപ്രം | 2006 |
| കാക്കി | ബിപിൻ പ്രഭാകർ | 2007 | |
| ഓർക്കുക വല്ലപ്പോഴും | സേതുവിന്റെ അമ്മ | സോഹൻലാൽ | 2008 |
| ഗുൽമോഹർ | ചിത്ര | ജയരാജ് | 2008 |
| വൈരം | എം എ നിഷാദ് | 2009 | |
| കൊച്ചി | കിഷോർ കൊടുങ്ങല്ലൂർ | 2012 | |
| 916 (നയൻ വൺ സിക്സ്) | ചന്ദ്ര (ഡോ. രമേശന്റെ ഭാര്യ) | എം മോഹനൻ | 2012 |
| സഹപാഠി 1975 | ജോൺ ഡിറ്റൊ പി ആർ | 2016 | |
| ചക്കര മാവിൻ കൊമ്പത്ത് | ഡോക്ടർ ലൂസി മാത്യു | ടോണി ചിറ്റേട്ടുകളം | 2017 |
| താക്കോൽ | ജസീന്ത മോറിസ് വാസ് | കിരൺ പ്രഭാകരൻ | 2019 |
| മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള | ഷാനു സമദ് | 2019 | |
| ലെസ്സൻസ് | താജ് ബഷീർ, മനോജ് എസ് നായർ, രമേഷ് അമ്മാനത്ത്, മുഹമ്മദ് ഷാ | 2019 | |
| കുട്ടിമാമ | അഞ്ജലി -കുട്ടിമാമയുടെ ഭാര്യ | വി എം വിനു | 2019 |
| സൈലൻസർ | ത്രേസ്യ | പ്രിയനന്ദനൻ | 2020 |
| അപ്പുവിന്റെ സത്യാന്വേഷണം | സോഹൻലാൽ | 2020 | |
| ബീരൻ | ഗോപി കുറ്റിക്കോൽ | 2022 | |
| ഇമ്പം | ശ്രീജിത്ത് ചന്ദ്രൻ | 2022 | |
| പായ്ക്കപ്പൽ | മുഹമ്മദ് റാഫി | 2022 |