ഏകലവ്യൻ

Ekalavyan
Date of Birth:
ചൊവ്വ, 14 August, 1934
Date of Death:
Sunday, 6 May, 2012
കഥ: 3

തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് മാത്യു എന്ന ഏകലവ്യൻ ജനിച്ചത്. പുകയിലക്കച്ചവടക്കാരനായ പിതാവ് മരിച്ചതോടെ കുടുംബം മാത്യുവിന്റെ ചുമലിലായതിന്നാൽ മെട്രിക്കുലേഷൻ ജയിച്ചശേഷം 1953 -ൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ജോലിയിലിരിക്കെ സാഹിത്യരചനകൾക്ക് വിലക്കുള്ളതിനാൽ ഏകലവ്യൻ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്.

1960 -മുതലാണ് അദ്ദേഹം സാഹിത്യരംഗത്ത് സജീവമായത്. അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം, ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവർ, ഗ്രീഷ്മവർഷം, കർമാന്തം, കല്ലു, കടലാസുപൂക്കൾ, സന്ധ്യ, പ്രഹരം, ശിവജിക്കുന്നുകൾ, ദർപ്പണം, അപർണ, നീരാളി, നീതിയെ തിരക്കിയ സത്യം, മൃഗതൃഷ്ണ.. തുടങ്ങിയ പ്രശസ്ത നോവലുകൾ ഏകലവ്യൻ എന്ന തൂലികാ നാമത്തിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഏകലവ്യന്റെ നോവലായ പാപത്തിന്റെ ശമ്പളം ഐ വി.ശശിയുടെ സംവിധാനത്തിൽ 1979 -ൽ മനസാ വാചാ കർമ്മണാ എന്ന സിനിമയായി ഇറങ്ങി. അതിനുശേഷം ഇറങ്ങിയ ഹരികുമാർ സംവിധാനം ചെയ്ത അയനം, ടി എൻ. വസന്തകുമാർ സംവിധാനം ചെയ്ത കാഞ്ചനം എന്നീ സിനിമകളുടെ കഥയും ഏകലവ്യന്റെ നോവലുകളായിരുന്നു.

1980 -ൽ സുബേദാർ മേജർ ആയി പട്ടാളത്തിൽ നിന്നു വിരമിച്ച അദ്ദേഹം കോവിലൻ, പാറപ്പുറം, നന്തനാർ എന്നിവർക്കൊപ്പം പട്ടാള ജീവിതം മലയാള സാഹിത്യത്തിലെത്തിച്ച എഴുത്തുകാരനായിരുന്നു ഏകലവ്യൻ എന്ന കെ എം മാത്യു. വൃക്കസംബന്ധമായ രോഗത്തിനു ചികിൽസയിലായിരുന്ന അദ്ദേഹം 2012 -ൽ അന്തരിച്ചു.

Submitted 12 years 7 months ago by Achinthya.